മൂന്നാറിൽ പോര് മുറുകുന്നു: സിപിഎമ്മിന് മുന്നറിയിപ്പുമായി സിപിഐ

ഹൈറേഞ്ച് സംരക്ഷണ സമിതിയെ കൂട്ടുപിടിച്ച് മൂന്നാറിൽ പോരിനിറങ്ങിയ സിപിഎമ്മിന് മുന്നറിയിപ്പുമായി സിപിഐ. നിലപാട് തിരുത്താൻ സിപിഎം തയ്യാറായില്ലെങ്കിൽ അനുഭവിക്കേണ്ടിവരുമെന്ന് സിപിഐ പ്രാദേശിക നേതൃത്വം. ജനവികാരം സിപിഐക്ക് അനുകൂലമാണെന്നും പാർട്ടിയെ തകർക്കാനുള്ള ശ്രമങ്ങൾ വിലപോകില്ലെന്നും നേതാക്കൾ വ്യക്തമാക്കി. 

മൂന്നാറിൽ സിപിഎമ്മിന്റെ ഹർത്താൽ ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ് സിപിഐയുടെ തീരുമാനം. നോട്ടിസ് ഇറക്കി സിപിഎമ്മിനോടുള്ള എതിർപ്പ് പരസ്യമാക്കിയ നേതാക്കൾ ഭാഷയും കടുപ്പിച്ചു. മൂന്നാറിൽ ഭൂപ്രശ്നങ്ങളുണ്ടെന്ന് അംഗീകരിച്ച സിപിഐ റവന്യൂ വകുപ്പ് അതിനുള്ള പരിഹാരം തേടുകയാണെന്നും വ്യക്തമാക്കി. ഇതിനിടയിൽ ഹർത്താലും സമരപ്രഖ്യാപനവും സിപിഐയെ തകർക്കാനാണെങ്കിൽ അത് വ്യാമോഹമാണെന്ന് നേതൃത്വം ഓർമപ്പെടുത്തുന്നു. 

നിലവിൽ മൂന്നാറിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് സിപിഎമ്മാണെന്ന കാര്യത്തിൽ സിപിഐക്ക് സംശയമില്ല. അതുകൊണ്ടുതന്നെ പ്രശ്നപരിഹാരത്തിന് സിപിഎം തന്നെ മുൻകയ്യെടുക്കണം. സിപിഐയുടെ പ്രത്യാക്രമണങ്ങളോട് സംയമനം പാലിക്കുകയാണ് സിപിഎം നേതൃത്വം. അതേസമയം മൂന്നാർ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹർത്താലിനോട് പൂർണമായും സഹകരിക്കുമെന്ന് സിപിഎം നേതാക്കൾ വ്യക്തമാക്കി.