മൂന്നാറിൽ പൊതുമരാത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസ് നിയന്ത്രിക്കുന്നത് റിസോർട്ട് മാഫിയ

മൂന്നാറിൽ പൊതുമരാത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസ് നിയന്ത്രിക്കുന്നത് സ്വകാര്യ റിസോർട്ട് മാഫിയ. റസ്റ്റ് ഹൗസിലെ മുറികൾ സ്വകാര്യ ഹോട്ടലായ മെർമെയ്ഡ് കയ്യടക്കി. മന്ത്രി ജി സുധാകരന്റെ മിന്നൽ പരിശോധനയിലാണ് വർഷങ്ങളായി തുടരുന്ന ക്രമക്കേട് കണ്ടെത്തിയത്. ഉദ്യോഗസ്ഥർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യ്ത് കേസെടുക്കാൻ മന്ത്രിയുടെ നിർദേശം. 

കൊച്ചി ധനുഷ്ക്കോടി ദേശീയപാതയുടെ നിർമ്മാണോദ്ഘാടനത്തിന് എത്തിയപ്പോളായിരുന്നു മന്ത്രിയുടെ മിന്നൽ പരിശോധന. പൊതുമരാമത്ത് 2002ലാണ് പിഡബ്ല്യുഡി കെട്ടിടം സ്വകാര്യ റിസോർട്ട് ഉടമയ്ക്ക് 30 വർഷത്തേക്ക് വാടകയ്ക്ക് നൽകിയത്. 11 മുറികളുള്ള കെട്ടിടത്തിലെ മൂന്ന് മുറികൾ പൊതുമരാമത്ത് വകുപ്പിന്റെ കൈവശമാണ്. മന്ത്രി എത്തിയപ്പോൾ കെട്ടിടത്തിന്റെ ചുമതലയുള്ള ഒരു ഉദ്യോഗസ്ഥൻ പോലും സ്ഥലത്തുണ്ടായിരുന്നില്ല. റസ്റ്റ് ഹൗസിന്റെ രജിസ്റ്ററും കണ്ടെത്താനായില്ല. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയശേഷം രജിസ്റ്റർ സ്വകാര്യ റിസോർട്ട് ഉടമയിൽ നിന്ന് പിടിച്ചെടുത്തു . തുടർന്ന് നടന്ന പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഇതോടെ ഉദ്യോഗസ്ഥക്കെതിരെ ക്രിമിനൽ കേസെടുക്കാൻ മന്ത്രി തന്നെ പോലീസിന് നിർദ്ദേശം നൽകി. 

വർഷങ്ങളായി കെട്ടിടത്തിൽ നിന്ന് ആദായം കൈപ്പറ്റുന്നതും സ്വകാര്യ റിസോർട്ട് ഉടമയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേടിനെ കുറിച്ച് പരിശോധന നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും മന്ത്രി നിർദേശം നൽകി.