സിപിഐ മന്ത്രിമാരുടെ ബഹിഷ്കരണത്തില്‍ പാര്‍ട്ടിമുഖപത്രങ്ങള്‍ നേര്‍ക്കുനേര്‍

സിപിഐ പ്രതിനിധികൾ മന്ത്രിസഭായോഗം ബഹിഷ്കരിച്ചതിനെച്ചൊല്ലി സി.പി.എം.-സി.പി.ഐ. മുഖപത്രങ്ങള്‍ നേര്‍ക്കുനേര്‍. ഇന്നലെ ജനയുഗത്തിൽ കാനം രാജന്ദ്രൻ ഒപ്പിട്ടു പ്രസിദ്ധീകരിച്ച മുഖപ്രസംഗം അസാധാരണ നടപടി തന്നെയാണെന്ന് ദേശാഭിമാനി മുഖപ്രസംഗത്തിൽ പറയുന്നു. സിപിഐയുടേയും സിപിഎമ്മിന്റേയും നിലപാടുകളിലെ ശരിതെറ്റുകൾ വിശദീകരിച്ചാണ് ഒന്നാം പേജിൽ ജനയുഗത്തിന്റെ മറുപടി. 

മുന്നണിയായി പ്രവർത്തിക്കുമ്പോൾ ഒരു പാർട്ടിയുടെ നിലപാട് എല്ലാവരും അംഗീകരിക്കണമെന്നു പറയുന്നത് മര്യാദയല്ലെന്ന് ദേശാഭിമാനി മുഖപ്രസംഗത്തിൽ ഓർമിപ്പിക്കുന്നു. സ്വാഭാവികനീതി തോമസ്ചാണ്ടിക്ക് നിഷേധിക്കാതിരിക്കാനാണ് ശ്രമിച്ചത്. മന്ത്രിസഭായോഗം ബഹിഷ്കരിക്കത്തക്ക ഗുരുതരമായ സാഹചര്യം വന്നാൽ മുന്നണി നേതൃത്വം വഴിയാണ് അക്കാര്യം കൈകാര്യം ചെയ്യേണ്ടിയിരുന്നത്. അതിനുപകരം രാഷ്ട്രീയ എതിരാളികൾക്ക് ആയുധം നൽകുകയല്ല വേണ്ടത്. 

എല്‍ഡിഎഫിനോ മുന്നണിക്കോ നിരക്കുന്ന നടപടിയാണോ സിപിഐ സ്വീകരിച്ചതെന്ന് നേതൃത്വം പരിശോധിക്കണം. മുന്നണിയുടെ ഐക്യത്തിനും കെട്ടുറപ്പിനും വിരുദ്ധമായ ചെറിയ നീക്കം പോലും ജനം പൊറുക്കുകയില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. അതേസമയം സിപിഐയുടേയും സിപിഎമ്മിന്റേയും നിലപാടുകളാണ് ജനയുഗം വിശദീകരിക്കുന്നത്. കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനങ്ങളിൽ സി.പി.ഐക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും, അതിനുള്ള സി.പി.ഐയുടെ മറുപടിയും ഒന്നാംപേജിൽ അക്കമിട്ടു നിരത്തിയിരിക്കുന്നു. സിപിഐ സ്വീകരിക്കുന്ന നിലപാടുകള്‍ ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്തുന്നതല്ല മറിച്ച് ശക്തിപ്പെടുത്തുന്നതാണ്. ശത്രുക്കളുടെ കൈയ്യിലെ ആയുധമാക്കാന്‍ സിപിഐ ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്നാല്‍ ഇടതുമുന്നണി അതിന്റെ പ്രഖ്യാപിത നയങ്ങളില്‍ നിന്ന് വ്യതിചലിച്ചാല്‍ അത് ചൂണ്ടിക്കാട്ടാനുളള സിപിഐക്കുണ്ടെന്നും ജനയുഗം ആവർത്തിക്കുന്നുണ്ട്.