തോമസ് ചാണ്ടിയുടെ രാജി; പൊട്ടിത്തെറിയുടെ വക്കിൽ ഇടതുമുന്നണി

രാജി വൈകുന്നതോടെ സി.പി.ഐ ഉൾപ്പെടെയുള്ള ഘടകക്ഷികളുടെ അമർഷം ഇടതുമുന്നണിയിൽ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. രാജിയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി ഉടന്‍ കൈക്കൊള്ളണമെന്ന് സിപിഐ തുറന്നുപറയുന്നു. 

തോമസ്ചാണ്ടിയെ തുറന്നെതിർത്തായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം. തോമസ് ചാണ്ടിയുടെ വീഴ്ചകളാണ് ഇപ്പോഴത്തെ സാഹചര്യം സൃഷ്ടിച്ചതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. 

പന്ന്യൻ രവീന്ദ്രൻ പരസ്യമായി രാജി ആവശ്യപ്പെട്ടെങ്കിലും കാനം രാജേന്ദ്രൻ അതിനു തയാറായില്ല. മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്ന വിശ്വാസമാണ് അദ്ദേഹം പങ്കുവെച്ചത്. മുഖ്യമന്ത്രി എടുക്കുന്ന തീരുമാനം എൻ.സി.പിക്കും ബാധകമാണെന്ന് കോടിയേരി ബാലകൃഷ്ണൻ രാവിലെ പറഞ്ഞിരുന്നു. 

രാജി വൈകുന്ന ഓരോ നിമിഷവും സർക്കാരും മുന്നണിയും പ്രതിസന്ധിയിലാകുകയാണെന്ന് ഇടതുനേതൃത്വം വിലയിരുത്തുന്നു. നാളെ മന്ത്രിസഭായോഗത്തിനു മുമ്പ് ഒരു തീരുമാനത്തിലേക്ക് പോയില്ലെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകും. ഘടകകക്ഷികൾ പരസ്യമായി എൻ.സി.പിക്കെതിരെ രംഗത്തെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഈ സാഹചര്യം ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് നേതൃത്വം.