കോണ്‍ഗ്രസിന്‍റെ കുത്തക സീറ്റ് പിടിക്കാന്‍ തൃണമൂല്‍; സ്ഥാനാര്‍ഥി മാർക്സിയൻ ഗവേഷകന്‍

ബംഗാളിലെ കോണ്‍ഗ്രസിന്‍റെ കുത്തക സീറ്റായ മാള്‍ഡ സൗത്ത് പിടിച്ചെടുക്കാന്‍ ഓക്സ്ഫഡ് സർവകലാശാലയിലെ മാർക്സിയൻ ഗവേഷകന്‍ ഷാനവാസ് അലി റെയ്ഹാനെ രംഗത്തിറക്കിയിരിക്കുകയാണ് തൃണമുല്‍ കോണ്‍ഗ്രസ്. കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസും ന്യൂനപക്ഷക്ഷേമത്തിനായി ഒന്നും ചെയ്തിട്ടില്ലെന്ന് ഷാനവാസ് മനോരമ ന്യൂസിനോട് പറഞ്ഞു. ഇത്തവണ മാള്‍ഡ സൗത്തില്‍ പുതുചരിത്രം പിറക്കുമെന്നുമാണ് തൃണമൂലിന്‍റെ പ്രതീക്ഷ. 

രാത്രി പത്തരയ്ക്കും മാൾഡ സൽബേരിയയിലെ വിദൂരഗ്രാമത്തില്‍ ഷാനവാസ് അലിയെത്തുമ്പോള്‍ വലിയ ആള്‍ക്കൂട്ടമാണ്. മു‌സ്‌ലിം വോട്ടര്‍മാര്‍ ഏറെയുള്ള മണ്ഡലം. പൗരത്വഭേദഗതി വിരുദ്ധതയിലൂന്നിയാണ് പ്രചാരണം. സുരക്ഷ നൽകാമെന്ന ഉറപ്പിലാണ് ബംഗാളിൽ ന്യൂനപക്ഷങ്ങൾ കോൺഗ്രസിനും സിപിഎമ്മിനും വേട്ട് ചെയ്തിരുന്നതെന്ന് ഷാനവാസ്. മമത സുരക്ഷ ഉറപ്പാക്കുക മാത്രമല്ല, അവരുടെ ക്ഷേമത്തിനായി പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തു. ഷാനവാസിന്റെ വിജയത്തിനായി മാൾഡയിൽ മൂന്ന് ദിവസം ക്യാംപ് ചെയ്താണ് മമത പ്രചാരണം നടത്തിയത്. 

കമ്യൂണിസ്റ്റ് പാർട്ടി മുതലാളിത്തത്തിന് ദാസ്യപ്പണി ചെയ്യുന്ന പാർട്ടിയായി മാറിയതായും ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്ന വിശ്വാസിയെ അവർ അംഗീകരിക്കില്ലെന്നും ഷാനവാസ്. കോണ്‍ഗ്രസാകട്ടെ ബിജെപിയുടെ നാവും. ഇങ്ങനെ പോകുന്നു എതിര്‍പാര്‍ട്ടികളോടുള്ള വിമര്‍ശനം. ഷാനവാസ് അലി റെയ്ഹാന്‍റെ ഓക്സഫഡിലെ പിഎച്ച്ഡി ഗവേഷണ വിഷയം 'മാർക്സിനും മുഹമ്മദിനും മധ്യേ- മുസ്‌ലിംകളും കമ്യൂണിസവും ബംഗാളിൽ എന്നതാണ്. വിദ്യാർഥികാലം മുതല്‍ സജീവമായിരുന്ന ഷാനവാസ് കുറച്ചുകാലം മാധ്യമപ്രവർത്തകനായിരുന്നു. പിന്നീട് മൊറോക്കോയിൽ അധ്യാപകനായി. നാളെയാണ് മാള്‍ഡ നോര്‍ത്തിലെ വോട്ടെടുപ്പ്.