രേഖ പത്രയെന്ന അതിജീവിതയെ മുന്നില്‍ നിര്‍ത്തി ബിജെപി; മമത ബാനര്‍ജിക്ക് പ്രതിസന്ധിയാകുമോ?

ബംഗാൾ സന്ദേശ്ഖാലി സമര നായികയും ബാസിർഹട്ട് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ രേഖാ പത്രയ്ക്ക് എക്സ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. മുഴുവൻ അമ്മമാരുടെയും സഹോദരിമാരുടെയും പ്രാർഥനയും പിന്തുണയും തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ തനിക്കൊപ്പമുണ്ടെന്ന് രേഖാ മനോരമ ന്യൂസിനോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീരാമനെപ്പോലെയാണെന്നും രേഖാ പത്ര കൂട്ടിച്ചേർത്തു.

സന്ദേശ്ഖാലിയിലെ പെൺ പോരാട്ടത്തിന്റെ പ്രതീകമാണ് രേഖാ പത്ര. അധികാരത്തിന്റെ തണലിൽ നിയമങ്ങൾ കാറ്റിൽപ്പറത്തി സന്ദേശ്ഖാലിയെ അടക്കിവാണിരുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെതിരെ പരാതി നൽകാൻ ആദ്യം ധൈര്യപ്പെട്ടത് രേഖയാണ്. ഷാജഹാന്റെ അനുയായി രേഖയുടെ സാരി വലിച്ചു കീറി. മുഖത്ത് അടിച്ചു. ബംഗാളിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ചത് സിംഗൂരും നന്ദിഗ്രാമിലും കത്തിപ്പടർന്ന രോഷമായിരുന്നു. സന്ദേശ്ഖാലിയിലെ സ്ത്രീരോഷം മമതയുടെ അടിത്തറ ഇളക്കുമോ എന്ന ആശങ്കയുണ്ട്. ബിജെപി ഇത് കൃത്യമായി മനസിലാക്കി രേഖയെ സന്ദേശ്ഖാലി ഉൾപ്പെട്ട ബാസിർഹട്ട് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കി.

അഞ്ചാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടിവന്ന രേഖാ പത്ര  അതിഥി തൊഴിലാളിയായിരുന്നു. അതീവ ദരിദ്ര പൂർണമായ സാഹചര്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി രേഖയോട് സംസാരിച്ചിരുന്നു. പ്രചാരണത്തിൽ സ്ത്രീകളുടെ വലിയ പിന്തുണ രേഖാ പത്രയ്ക്ക് ലഭിക്കുന്നുണ്ട്. വലിയ പ്രസംഗങ്ങളോ, വിശദീകരണങ്ങളോ ഇല്ല.  വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്തത് ചില സാന്നിധ്യം കൊണ്ട് കഴിയും. രേഖാ പത്രയെന്ന അതിജീവിതയിലൂടെ ബിജെപി ലക്ഷ്യമിടുന്നത് അതാണ്. മമത ബാനർജിയെ പ്രതിസന്ധിയിലാക്കുന്നതും അതുതന്നെ.