സ്വത്ത് തര്‍ക്കം; വീട്ടുകാരെ കൊല്ലാന്‍ ക്വട്ടേഷന്‍; കൊല്ലപ്പെട്ടത് അതിഥികള്‍; യുവാവ് പിടിയില്‍

കുടുംബ സ്വത്ത് കൈവശപ്പെടുത്തുന്നതിനായി കുടുംബാംഗങ്ങളെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ യുവാവ് പിടിയില്‍. കര്‍ണാടകയിലെ ഗഡകിലാണ് സംഭവം. വിനായക് ബക്കാളെ എന്നയാളാണ് പിടിയിലായത്. വിനായകും അച്ഛന്‍ പ്രകാശുമായി സ്വത്ത് സംബന്ധിച്ച് തര്‍ക്കമുണ്ടായെന്നും ഇതോടെ അച്ഛനുള്‍പ്പടെയുള്ളവരെ വകവരുത്താന്‍ വിനായക് തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. 

വിനായകിന്‍റെ ക്വട്ടേഷന്‍ അനുസരിച്ച് സ്ഥലത്തെത്തിയ വാടകക്കൊലയാളികള്‍ പക്ഷേ ആളുമാറി മൂന്ന് ബന്ധുക്കളെയാണ് കൊന്നത്. കാര്‍ത്തിക്, പരശുറാം ഹഡിമണി(55) ഭാര്യ ലക്ഷ്മി(45) മകള്‍ ആകാന്‍ഷ (16) എന്നിവരാണ് ഏപ്രില്‍ 19ന് പുലര്‍ച്ചെയോടെ കൊല്ലപ്പെട്ടത്. കാര്‍ത്തികിന്‍റെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഹഡിമണി കുടുംബം. 

ഗഡക്–ബത്ഗേരി സിറ്റി മുന്‍സിപ്പല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്‍റായ പ്രകാശിന്‍റെ ആദ്യഭാര്യയിലെ മകനാണ് വിനായകെന്ന് പൊലീസ് പറയുന്നു. സ്വത്ത് നഷ്ടമാകാതിരിക്കാന്‍ പ്രകാശിനെയും രണ്ടാം ഭാര്യയാ സുനന്ദയെയും മകന്‍ കാര്‍ത്തികിനെയും വകവരുത്തുകയായിരുന്നു വിനായകിന്‍റെ നീക്കമെന്നും പൊലീസ് കണ്ടെത്തി. വിനായകിന് പുറമെ ക്വട്ടേഷന്‍ സംഘത്തിലെ ഫൈറൂസ്, ജിഷാന്‍, സഹില്‍ അഷപ് ഖാജി, സൊഹൈല്‍ അഷ്പക് ഖാജി, സുല്‍ത്താന്‍ ജിലാനി ഷെയ്ഖ്, മഹേഷ് ജഗന്നാഥ്, വഹീദ്  ലിയാഖത്ത് എന്നിവരും പൊലീസിന്‍റെ പിടിയിലായി. പ്രകാശിന്‍റെ അറിവും സമ്മതവുമില്ലാതെ സ്വത്തുവകയില്‍ ചിലത് വിനായക് വിറ്റതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തതെന്നും പൊലീസ് പറയുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. 

Man hired gang to kill family, arrested