ആവര്‍ത്തിക്കുന്ന മുസ്‍‌ലിം വിരുദ്ധത; വിവാദമായ മോദി പരാമര്‍ശങ്ങള്‍

INDIA-ELECTION/
SHARE

രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നടത്തിയ മുസ്‍ലിം വിരുദ്ധ പ്രസ്താവന ഉയര്‍ത്തിവിട്ട വിമര്‍ശനങ്ങള്‍ അടങ്ങുംമുന്‍പ് അതേ നിലപാട് ആവര്‍ത്തിച്ചും ന്യായീകരിച്ചും അദ്ദേഹം തന്നെ രംഗത്തെത്തി. നരേന്ദ്ര മോദി മുസ്ലിം വിരുദ്ധവും വിഭജന സ്വഭാവവുമുള്ളതുമായ  പ്രസ്താവനകള്‍ നടത്തുന്നത് ആദ്യമല്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുതല്‍ അത്തരം പ്രസ്താവനകള്‍ മോദിയില്‍ നിന്നുണ്ടായിട്ടുണ്ട്.

ശിശുക്കളെ ഉല്‍പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍
2002 ഗുജറാത്ത് കലാപത്തിനു ശേഷം മുസ്‌ലിംകള്‍ പാര്‍ത്തിരുന്ന ക്യാംപുകളെക്കുറിച്ച് മോദി നടത്തിയ പ്രസ്താവന പരക്കെ വിമര്‍ശിക്കപ്പെട്ടു. കലാപത്തിന് ശേഷം മോദി നടത്തിയ ഗുജറാത്ത് ഗൗരവ് യാത്രക്കിടെ മെഹ്സാന ജില്ലയിലെ ബെച്ചാര്‍ജിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പരാമര്‍ശം. ' ഞങ്ങള്‍  എന്തുചെയ്യണം? അവര്‍ക്കു വേണ്ടി ദുരിതാശ്വാസ ക്യാംപുകള്‍ നടത്തണോ?  കുട്ടികളെ ഉല്‍പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങണോ? ചില ആളുകള്‍ക്ക് നമ്മള്‍ അഞ്ച്, നമുക്ക് ഇരുപത്തഞ്ച് എന്നാണ് കണക്ക്',  മോദി പ്രസംഗിച്ചു.

INDIA-VOTE-GUJARAT-MODI

ഗുജറാത്ത് കലാപവും പട്ടിക്കുട്ടിയും
ഗുജറാത്ത് കലാപത്തില്‍ ഇരകളായവരെക്കുറിച്ച് 2013 ജൂലൈയില്‍  റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശമായിരുന്നു മറ്റൊന്ന്.  കലാപത്തില്‍ പശ്ചാത്താപമില്ലേ എന്ന ചോദ്യത്തിന് യാത്ര ചെയ്യുന്ന കാറിന്‍റെ ചക്രത്തിനടിയില്‍  പട്ടിക്കുട്ടി കുടുങ്ങിയാലും വേദനയുണ്ടാകും എന്നായിരുന്നു മോദിയുടെ മറുപടി. ഇതിനെതിരെ കനത്ത  പ്രതിഷേധം ഉയര്‍ന്നിരുന്നു.

INDIA-ELECTION/

ഈദും ദീപാവലിയും
2017 ഫെബ്രുവരിയില്‍ യുപി തിരഞ്ഞെടുപ്പു വേദിയില്‍ ഹിന്ദു– മുസ്‍ലിം വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ താരതമ്യം ചെയ്തുകൊണ്ടായിരുന്നു മോദിയുടെ ഈദും ദീപാവലിയും പരാമര്‍ശം. മുസ്‍ലിം ഉല്‍സവങ്ങള്‍ക്ക് കൂടുതല്‍ വൈദ്യുതി വിതരണം ചെയ്യുന്നെന്നും ഹിന്ദു ആഘോഷങ്ങള്‍ക്ക് കിട്ടുന്ന വൈദ്യുതി കുറവാണെന്നും സൂചിപ്പിക്കുകയായിരുന്നു മോദി.  'റമസാന് മുടക്കമില്ലാതെ വൈദ്യുതി കൊടുക്കുകയാണെങ്കില്‍ ദീപാവലിക്കും തടസ്സമില്ലാതെ വൈദ്യുതി നല്‍കണം. പക്ഷഭേദം പാടില്ല.' മോദി പറഞ്ഞു. സമാജ് വാദി പാര്‍ട്ടി വൈദ്യുതി വിതരണത്തില്‍ മുസ്‍ലിം പ്രീണനം കാണിക്കുന്നു എന്ന മോദിയുടെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് പിന്നീട് തെളിഞ്ഞു.

India Elections

ശ്മശാന്‍ VS ഖബറിസ്ഥാന്‍
2017  ഫെബ്രുവരിയില്‍ യുപി തിരഞ്ഞെടുപ്പ് കാലത്താണ് കുപ്രസിദ്ധമായ ശ്മശാനവും ഖബറിടവും പ്രസംഗം. ഫത്തേപ്പൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഗ്രാമത്തില്‍ ഖബറിസ്ഥാന്‍ നിര്‍മിക്കുന്നെങ്കില്‍ അവിടെ ശ്മശാനവും നിര്‍മിക്കണമെന്നായിരുന്നു പ്രസ്താവന. പ്രധാനമന്ത്രിക്കു ചേരാത്ത വാക്കുകളെന്ന് പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തി.

പാക്കിസ്ഥാന്‍റെ രഹസ്യയോഗം
2017 ഡിസംബര്‍ 10ന് പാലന്‍പൂരില്‍ നടത്തിയ പ്രസംഗത്തില്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍  ഗൂഢാലോചന നടന്നതായി മോദി ആരോപിച്ചു.  കോണ്‍ഗ്രസിലെ ന്യൂനപക്ഷ സമുദായാംഗങ്ങളായ നേതാക്കളുടെ  പേരെടുത്തു പറഞ്ഞ് ഗൂഢാലോചനയില്‍ പാക്കിസ്ഥാന്‍റെ പങ്കാരോപിച്ചായിരുന്നു ആക്രമണം. അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാന്‍ പാക് ആര്‍മിയുടെ ഡയറക്ടര്‍ ജനറല്‍ അര്‍ഷാദ് റാഫിഖ് ശ്രമിച്ചെന്ന് മോദി പറഞ്ഞു. ‘പാക്ക് മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മുഹമ്മദ് കസൂരിയും പാക് ഹൈക്കമിഷണറും ഇതിനായി കോണ്‍ഗ്രസ് നേതാക്കളുമായി ഗൂഢാലോചന നടത്തി’. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ നടന്ന യോഗത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും  പങ്കെടുത്തതായും ആരോപിച്ചു.  പിന്നീട് വിവരാവകാശ നിയമപ്രകാരം ഇക്കാര്യം ചോദിച്ചപ്പോള്‍ അനൗപചാരിക വിവരങ്ങളുടെ അടിസ്ഥാനത്തിലാകാം മോദി അങ്ങനെ പറഞ്ഞതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.

PTI04_19_2024_000247B

രാഹുല്‍ ഗാന്ധിയും വയനാടും
2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കാനെത്തിയതിനെക്കുറിച്ച് മതസൂചന നല്‍കി മോദി നടത്തിയ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. 2019 ഏപ്രില്‍ ഒന്നിന് വാര്‍ധയിലെ യോഗത്തില്‍ ഹിന്ദുക്കളെ ഭയന്നാണ് രാഹുല്‍ വയനാട്ടിലെത്തിയതെന്നാണ് മോദി പറ‍ഞ്ഞത്. 'തങ്ങളെ അപമാനിച്ച കോണ്‍ഗ്രസിനെ പാഠംപഠിപ്പിക്കാന്‍ ഹിന്ദുക്കള്‍ തീരുമാനിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ന്യൂനപക്ഷ സമുദായം ഭൂരിപക്ഷമായ സ്ഥലങ്ങളില്‍ മല്‍സരിക്കാന്‍ പോയിരിക്കുന്നത് ' മോദി പറഞ്ഞു.

PTI04_17_2024_000140A

വേഷം കണ്ടാല്‍ അറിയാം
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ക്കെതിരെ നരേന്ദ്ര മോദി  2019 ഡിസംബര്‍ 15 ന് ജാര്‍ഖണ്ഡിലെ ധുംകയില്‍ നടത്തിയ പ്രതികരണവും വിവാദമായിരുന്നു. 'കോണ്‍ഗ്രസും കൂട്ടാളികളും ബഹളമുണ്ടാക്കുകയാണ്. അത് ഫലിക്കാത്തതു കൊണ്ട് അവര്‍ തീ പടര്‍ത്തുന്നു. അക്രമികളെ ടിവിയില്‍ കാണാം. അവരെ ധരിച്ചിരിക്കുന്ന വസ്ത്രം നോക്കി തിരിച്ചറിയാം.' മോദി പറഞ്ഞു. വിദേശത്ത് നടന്ന സമരങ്ങളെ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാന്‍ വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് കോണ്‍ഗ്രസ് സമരത്തിന്‍റെ പേരില്‍ ചെയ്തതെന്നും മോദി പറഞ്ഞു.

Controversial speeches of prime minister Narendra Modi

MORE IN INDIA
SHOW MORE