കാമുകിക്ക് മറ്റ് പലരുമായും ബന്ധം; മനംനൊന്ത് കൊല; വിവാഹിതന് 20 വര്‍ഷം തടവ്

പ്രതീകാത്മക ചിത്രം.

തന്‍റെ കാമുകിക്ക് മറ്റ് പല പുരുഷന്മാരുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ യുവതിയെ കൊന്ന ഇന്ത്യന്‍ വംശജന് 20 വര്‍ഷം തടവ് വിധിച്ച് സിംഗപ്പൂര്‍ കോടതി. നാല്‍പ്പതുകാരനായ എം. കൃഷ്ണന്‍ എന്നയാളാണ് കാമുകി മല്ലിക ബീഗം റഹ്മാന്‍സ അബ്ദുള്‍ റഹ്മാനെ കൊല ചെയ്തത്. ഇവര്‍ക്കും നാല്‍പ്പത് വയസ്സായിരുന്നു പ്രായം. 2019 ജനുവരി 17നാണ് സംഭവം നടന്നത്. അന്വേഷണങ്ങള്‍ക്കും കേസ് നടപടികള്‍ക്കുമൊടുവില്‍ ഇക്കഴിഞ്ഞ ദിവസമാണ് ശിക്ഷ വിധിക്കപ്പെട്ടത്. കുറ്റം സമ്മതിച്ച പ്രതി പശ്ചാത്താപമുണ്ടെന്നും കോടതിയില്‍ അറിയിച്ചു.

2018ല്‍ പൊലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിന് ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നു. കുറച്ചുനാള്‍ ജയിലിലുമായിരുന്നു. അതിനുശേഷം താന്‍ നന്നായി എന്നാണ് ഇയാള്‍ സ്വയം അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ ഭാര്യയേയും കാമുകിയേയും ഉപദ്രവിക്കുന്നത് പതിവായിരുന്നു. മദ്യലഹരിയിലായിരുന്നു ഇത്. പ്രതി മദ്യത്തിന് അടിമയായിരുന്നുവെന്നും അതാണ് അക്രമത്തിന് പ്രധാന കാരണമായതെന്നുമുള്ള കണ്ടെത്തലാണ് കോടിയിലുണ്ടായത്. പ്രതിയുടെ ഭൂതകാലം ചികഞ്ഞുപോകുന്നതില്‍ കാര്യമില്ല, പക്ഷേ ഗാര്‍ഹിക പീഡനം പൊറുക്കാവുന്നതല്ല. അതുകൊണ്ട് പ്രതി തടവ് ശിക്ഷ അനുഭവിച്ചേ മതിയാകൂ എന്നായിരുന്നു കോടതിയുടെ തീരുമാനം.

2015ല്‍ കൃഷ്ണന്‍റെ ഭാര്യ കൃഷ്ണനേയും കാമുകിയേയും തങ്ങളുടെ വീട്ടിലെ മാസ്റ്റര്‍ ബെഡ്റൂമില്‍ നിന്ന് മദ്യപിക്കുന്നതിനിടെ കയ്യോടെ പിടികൂടി. കൃഷ്ണനു നേരെ ശകാരവുമായെത്തിയ ഭാര്യയെ ഇയാള്‍ മര്‍ദിക്കുകയും മദ്യം കുടിച്ചുകൊണ്ടിരുന്ന ഗ്ലാസെടുത്ത് എറിയുകയുമുണ്ടായി. അതിനുശേഷം കേസുമായി മുന്നോട്ടുപോയ ഇവര്‍ പൊലീസ് പ്രൊട്ടക്ഷനടക്കം നേടി. ഈ സംഭവത്തിനു ശേഷവും കൃഷ്ണനും മല്ലികയും തമ്മിലുള്ള ബന്ധം തുടര്‍ന്നു. മല്ലികയേയും കൃഷ്ണന്‍ മര്‍ദിക്കാറുണ്ടായിരുന്നുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. 2017 വരെ കാര്യങ്ങള്‍ ഇങ്ങനെയായിരുന്നു.

കേസില്‍പെട്ട് 2018ല്‍ കൃഷ്ണന്‍ കുറച്ചുനാള്‍ ജയിലിലായിരുന്നു. ഈ സമയം മുതല്‍ മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലടക്കം താന്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് മല്ലിക പിന്നീട് പറഞ്ഞു. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയായിരുന്നു മല്ലികയുടെ വെളിപ്പെടുത്തല്‍. ഇത് കേട്ടതേ കൃഷ്ണന്‍ മല്ലികയെ അതിക്രൂരമായി മര്‍ദിച്ചു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് ഇവര്‍ ചികിത്സയിലായിരുന്നു. പിന്നീടും കൃഷ്ണന്‍ മല്ലികയെ മര്‍ദിക്കുന്നത് തുടര്‍ന്നു. തലയ്ക്ക് മാരകമായി പരുക്കേറ്റായിരുന്നു അവരുടെ മരണം. 

മല്ലിക ചതിച്ചതാണ് കൃഷ്ണന്‍ മുഴുക്കുടിയാനായി തീരാന്‍ കാരണമായതെന്നും മദ്യത്തിന് അടിമപ്പെട്ട് പ്രതി കുറ്റം ചെയ്തുപോയതാണെന്നുമായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. സ്വയം നന്നാവാന്‍ തീരുമാനിച്ച് ദിവസവും മദ്യപിച്ച് ലക്കുകെട്ട് നടന്നിരുന്ന പ്രതി പതിയെ ഇത് കുറച്ച് ആഴ്ചയില്‍ ഒന്നുമാത്രം മദ്യപിക്കുന്ന അവസ്ഥയില്‍ എത്തിയിട്ടുണ്ടെന്നും പരമാവധി ശിക്ഷ കുറയ്ക്കണമെന്നും ആവശ്യം ഉയര്‍ന്നു. എന്നാല്‍ ഗാര്‍ഹിക പീഡനത്തിനുള്ള ശിക്ഷ പ്രതി അനുഭവിച്ചേ മതിയാകൂവെന്നായിരുന്നു കോടതി തീരുമാനം.

Indian-origin married man punished for beating his girl friend to death at Singapore.