രാഷ്ട്രീയത്തിലെ കുടുംബ വാഴ്ച ചര്‍ച്ച ചെയ്യേണ്ടതില്ല: ബി.ജെ.പി സ്ഥാനാര്‍ഥി ഡോ. സി.എന്‍ മഞ്ജുനാഥ്

രാഷ്ട്രീയത്തിലെ കുടുംബ വാഴ്ചയെന്ന ആരോപണം ചര്‍ച്ച പോലും ചെയ്യേണ്ട വിഷയമല്ലെന്നു മുന്‍പ്രധാനമന്ത്രി ദേവഗൗഡയുടെ മരുമകനും ബെംഗളുരു റൂറലിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ ഡോക്ടര്‍ സി.എന്‍. മഞ്ജുനാഥ് മനോരമ ന്യൂസിനോട്. ജനങ്ങള്‍ തിരഞ്ഞെടുത്താണ് അധികാര സ്ഥാനങ്ങളിലേക്കെത്തുന്നതെന്നും മഞ്ജനാഥ് വ്യക്തമാക്കി. മുന്‍പ്രധാനമന്ത്രിയുടെ മകനും കൊച്ചുമകനും മരുമകനും മത്സരിക്കുന്നതിനെതിരെ വിമര്‍ശനം കടുക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.

മുന്‍പ്രധാനമന്ത്രിയുടെ മരുമകനാണെങ്കിലും തിര‍ഞ്ഞെടുപ്പും പ്രചാരണവുമെല്ലാം മഞ്ജുനാഥിനു പുതുമയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഹൃദ്രോഗാശുപത്രികളില്‍ ഒന്നായ ബെംഗളുരുവിലെ ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോ വാസ്കുലര്‍ സയന്‍സിന്റെ ഡയറക്ടറായാണ് ജനത്തിനു അദ്ദേഹത്തെ പരിചയം. 

ജെ.ഡി.എസ് – ബി.ജെ.പി നീക്കുപോക്കിന്റെ അടിസ്ഥാനത്തിലാണു സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ദിവസങ്ങള്‍ക്കുമുന്‍പ് ഡോക്ടര്‍ താരമ പാര്‍ട്ടിയിലെത്തിയത്. കോണ്‍ഗ്രസിനതിരെ ബി.ജെ.പി നിരന്തരം ഉന്നയിക്കുന്ന രാഷ്ട്രീയത്തിലെ കുടുംബ വാഴ്ചയെന്ന ആരോപണത്തിന് ഇവിടെ പ്രസക്തിയില്ലെന്നാണു മജ്ഞുനാഥിന്റെ പക്ഷം.

വൊക്കലിഗ സമുദായത്തിനു മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സഹോദരന്‍ സുരേഷാണ് എതിരാളി.  സമുദായ വോട്ട് ഒന്നടങ്കം കോണ്‍ഗ്രസില്‍ കേന്ദ്രീകരിക്കുന്നതു തടയാന്‍ ലക്ഷ്യം വച്ചുകൂടിയാണു വൊക്കലിഗരിലെ ഏറ്റവും വലിയ രാഷ്ട്രീയ നേതാവിന്റെ മരുമകനെ ബി.ജെ.പി താമര ചിഹ്നം നല്‍കി രംഗത്തിറക്കിയിരിക്കുന്നത്.

BJP candidate Dr Manjunath said about Family Politics