'ഇത് പാക്കിസ്ഥാനോ?' ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ആക്രമിക്കപ്പെട്ടെന്ന് നടി

കന്നഡ സംസാരിച്ചതിന്‍റെ പേരില്‍ ബെംഗളൂരുവില്‍ വച്ച് ആക്രമിക്കപ്പെട്ടെന്ന് കന്നട സിനിമതാരം ഹര്‍ഷിക പൂനച്ച. ഏപ്രില്‍ രണ്ടിനായിരുന്നു സംഭവം. ബെംഗളൂരുവിലെ കാരാമ റെസ്റ്ററന്‍റില്‍ ഭക്ഷണം കഴിച്ച ശേഷം കാറിലേക്ക് കയറുമ്പോഴാണ് ഒരു സംഘം ആളുകള്‍ എത്തി അനാവശ്യമായി ചൂടായതെന്നും കൊള്ളയടിക്കാന്‍ ശ്രമിച്ചതെന്നും താരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. കന്നഡ സംസാരിച്ചതാണ് ആക്രമണത്തിന് കാരണമായതെന്ന് അവരുടെ സംസാരത്തില്‍ നിന്ന് വ്യക്തമായെന്നും നമ്മള്‍ പാക്കിസ്ഥാനിലോ അഫ്ഗാനിലോ ആണോ ജീവിക്കുന്നതെന്നും താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ചോദിക്കുന്നു. 

പാര്‍ക്കിങില്‍ നിന്ന് കാറെടുക്കുമ്പോഴേക്ക് രണ്ട് പേര്‍ എത്തിയെന്നും വലിയ വണ്ടിയായതിനാല്‍ അവരുടെ ദേഹത്ത് മുട്ടുമെന്നും പറഞ്ഞാണ് വാക്കേറ്റം തുടങ്ങിയത്. ഇടിച്ചില്ലല്ലോ, ഇടിക്കാതെ വണ്ടിയെടുക്കും മാറി നില്‍ക്കാന്‍ ഭര്‍ത്താവ് പറഞ്ഞപ്പോള്‍ അസഭ്യം പറഞ്ഞുവെന്നും ഈ കന്നഡിഗകളെ ഒരു പാഠം പഠിപ്പിക്കണമെന്ന് ആക്രോശിക്കുകയുമായിരുന്നുവെന്നും അവര്‍ കുറിച്ചു. ഉടന്‍ തന്നെ മുപ്പതോളം പേരടങ്ങുന്ന സംഘം പാര്‍ക്കിങിലേക്ക് എത്തുകയും ഭര്‍ത്താവിന്‍റെ സ്വര്‍ണമാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നും യുവതി പറയുന്നു. ഭര്‍ത്താവ് ആക്രമണം ചെറുത്തതോടെ അസഭ്യവര്‍ഷം നടത്തുകയുമായിരുന്നുവെന്നും അവര്‍ കുറിച്ചു. പൊലീസിനെ വിളിച്ചുവെന്ന് മനസിലായതോടെ സംഘം ഓടിയൊളിച്ചുവെന്നും പൊലീസ് എത്തിയെങ്കിലും സഹായിച്ചില്ലെന്നും താരം ആരോപിക്കുന്നു.

അതേസമയം താരത്തിന്‍റെ പരാതി ലഭിച്ചിട്ടില്ലെന്നും വിവരമറിഞ്ഞ് താരത്തെ ബന്ധപ്പെടുകയും പരാതി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തെങ്കിലും അവര്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാല്‍ കുടുംബത്തിന്‍റെ സുരക്ഷയെ കരുതിയാണ് പൊലീസില്‍ പരാതിയായി നല്‍കാത്തതെന്നാണ് താരത്തിന്‍റെ ഭാഷ്യം. ആക്രമിച്ചവരുടെ ദൃശ്യങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. 

Attacked by mob in Bengaluru; reveals actor Harshika Poonacha