ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി; ബംഗാളിലും മണിപ്പുരിലും സംഘര്‍ഷം; ഛത്തീസ്ഗഡില്‍ സ്ഫോടനം

manipur-election
SHARE

ലോക്സഭാ തിരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിന്‍റെ വോട്ടിങ് സമയം അവസാനിച്ചു. ബംഗാളിലും ത്രിപുരയിലും പുതുച്ചേരിയിലും അസമിലും പോളിങ് 70 ശതമാനത്തിലധികമാണ്. ബിഹാറിലാണ് ഏറ്റവും കുറവ്. 46.32 ശതമാനം. ബംഗാളിലും മണിപ്പുരിലും സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഛത്തീസ്ഗഡില്‍ സ്ഫോടനത്തില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പരുക്കേറ്റു.  എഴു ഘട്ടമായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും അധികം സീറ്റുകള്‍ വിധിയെഴുതുന്ന ഘട്ടാണ് പൂര്‍ത്തിയായത്.. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 102 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. 

ബംഗാളിലെ കൂച്ച്ബെഹാറിലും ആലിപുര്‍ദ്വാറിലും അക്രമസംഭവഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും പരസ്പരം ആരോപണം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് ഓഫീസിന് തീയിട്ടതായും ബൂത്ത് ഏജന്‍റുമാരെ കൈയ്യേറ്റം ചെയ്തതായും പോളിങ് ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമിച്ചതായും ബിജെപിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതായും ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതായും പാര്‍ട്ടി പ്രവര്‍ത്തകരെ മര്‍ദിച്ചതായും തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബിജെപി ആരോപണമുന്നയിക്കുന്നു. വോട്ടര്‍മാരുടെ സഹായത്തിനായി ബിജെപി ഹെല്‍പ് ലൈന്‍ നമ്പര്‍ പുറത്തിറക്കി. 

മണിപ്പുരിലും പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. ഇംഫാലിലും ബിഷ്ണുപുരിലും ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമിച്ചവരെ പിരിച്ചുവിടാന്‍ പൊലീസ് വെടിയുതിര്‍ത്തു. പോളിങ് പലതവണ നിര്‍ത്തിവയ്ക്കേണ്ടിവന്നു. വോട്ടിങ് യന്ത്രങ്ങള്‍ അടിച്ചുതകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. സായുധസംഘങ്ങള്‍ ബൂത്തുകള്‍ക്ക് സമീപം റോന്തുചുറ്റി. നാഗ്പുരില്‍ വോട്ടിങ് യന്ത്രം തകരാറിലായി. 

പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി. മുന്‍ ഗവര്‍ണറും അഞ്ച് മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രമാരും അടക്കം 1,625 സ്ഥാനാര്‍ഥികളാണ് മല്‍സരിച്ചത്. ബിജെപി 77 സീറ്റില്‍ മല്‍സരിക്കുന്നു. ബംഗാളിലും മേഘാലയയിലും അസമിലും തൃണമൂല്‍ കോണ്‍ഗ്രസും ഇന്ത്യ മുന്നണിയിലെ മറ്റ് കക്ഷികളും തമ്മില്‍ ഏറ്റുമുട്ടുന്നു. 2019ല്‍ എന്‍ഡിഎ 43 ഉം ഇന്ത്യ മുന്നണി 48 സീറ്റിലും മറ്റുള്ളവര്‍ 6 സീറ്റിലും വിജയിച്ചിരുന്നു. റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഴിമതിക്കും പ്രീണന രാഷ്ട്രീയത്തിനും  എതിരെ വോട്ട് ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആഹ്വാനം ചെയ്തിരുന്നു.  

First phase of loksabha election is complete; Conflict report from bengal and manipur

MORE IN INDIA
SHOW MORE