വലിയ സംഘര്‍ഷങ്ങളില്ലാതെ തമിഴ്നാട്ടിലെ വോട്ടെടുപ്പ്; സൂര്യാഘാതമേറ്റ് രണ്ടു മരണം

TN-polling
SHARE

വൻ അക്രമ സംഭവങ്ങളില്ലാതെ തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ്.  5 മണിവരെ 62.02 ശതമാനം പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ചൂടു മൂലം മാറി നിന്ന വോട്ടർമാർ വൈകിട്ട് കൂട്ടത്തോടെ ബൂത്തിലേക്ക് എത്തിയതോടെ, കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 72 ശതമാനത്തിലേക്ക് പോളിങ് എത്തുമെന്നാണ് പ്രതീക്ഷ. അതിനിടെ സേലത്ത് സൂര്യാഘാതമേറ്റ് രണ്ടുപേർ മരിച്ചു. ആറുമണിവരെ ബൂത്തിൽ എത്തിയവർക്ക് ടോക്കൺ നൽകിയവർ വോട്ട് രേഖപ്പെടുത്തുന്നതോടെയാണ് പോളിംഗ് അവസാനിക്കുന്നത്. 8050 പ്രശ്നബാധിത ബൂത്തുകൾ ഉണ്ടായിരുന്നെങ്കിലും വലിയ അക്രമ സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. 

അരിയല്ലൂരിൽ ബിജെപി- വിസികെ പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷം ഉണ്ടായി. ചെന്നൈ സെൻട്രൽ ലോക്സഭാ മണ്ഡലത്തിൽ പല്ലവനില്ലത്ത് വോട്ട് രേഖപ്പെടുത്താൻ എത്തിയ നാം തമിഴർ കക്ഷി സ്ഥാനാർത്ഥി കാർത്തികേയൻ തനിക്ക് വോട്ട് വീഴുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ചു. തുടർന്ന് കാർത്തികേയനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി . ആരകോണത്ത് ഡിഎംകെ പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്നതായി ആരോപിച്ച് പിഎംകെ സ്ഥാനാർത്ഥി ബാലു പ്രതിഷേധിച്ചു. കോയമ്പത്തൂരിൽ വോട്ടർ പട്ടികയിൽ നിന്ന് ഒരു ലക്ഷം പേരുടെ പേരുകൾ കാണാതായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയും ആരോപണമുയർത്തി. 

സംസ്ഥാനത്ത് ഇന്ന് 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നതോടെ വൈകിട്ട് മൂന്നുവരെ പോളിംഗ് ബൂത്തുകളിൽ തിരക്ക് അനുഭവപ്പെട്ടില്ല. സേലത്ത് പോളിംഗ് ബൂത്തിൽ എത്തിയ 65 കാരനും 75 കാരിയും സൂര്യാഘാതമേറ്റ് മരിച്ചു. പ്രാദേശിക വികസന പ്രശ്നങ്ങൾ ഉയർത്തി തിരുവള്ളൂർ, കടലൂർ, കാഞ്ചീപുരം, സേലം മണ്ഡലങ്ങളിലെ ചില ബൂത്തുകളിൽ വോട്ട് ബഹിഷ്കരണം ഉണ്ടായി. തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയോ 750 ഓളം ഉദ്യോഗസ്ഥർക്ക് കേരള പോലീസ് അഡ്വാൻസ് ഫീഡിങ് ചാർജുകൾ അനുവദിക്കാനുള്ളതോടെ നിരവധി ഉദ്യോഗസ്ഥർ വെട്ടിലായി. തമിഴ്നാട് പോലീസ് കൈമാറിയ പണം കേരള പോലീസ് വിതരണം ചെയ്യാത്തതോടെയാണ് ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിലായത്. 

Tamilnadu complete loksabha election polling without major conflicts

MORE IN INDIA
SHOW MORE