പൂര്‍വാഞ്ചലിലെ ബാഹുബലി; ജയിലില്‍ അന്‍സാരിക്ക് സ്ലോ പോയസനിങ് നല്‍കി?; പരാതി

രാഷ്ട്രീയ നേതാവും ഗുണ്ടാത്തലവനുമായിരുന്ന മുക്താര്‍ അന്‍സാരിക്ക് ജയിലില്‍വെച്ച് സ്ലോ പോയസനിങ് നല്‍കിയെന്ന് ആരോപിച്ച് കുടുംബം.  ഇന്നലെ രാത്രി ആശുപത്രിയില്‍വെച്ചാണ് അന്‍സാരി മരിച്ചത്.  രാത്രി എട്ടേമുക്കാലോട് കൂടി ജയിലില്‍വെച്ച് അന്‍സാരി അബോധാവസ്ഥയിലാവുകയായിരുന്നു. ഉടന്‍ തന്നെ റാണി ദുര്‍ഗാവതി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച് അന്‍സാരി മരണത്തിനു കീഴടങ്ങുകയായിരുന്നു. അതേസമയം പിതാവിന് സ്ലോ പോയസനിങ് നൽകിയതാണെന്ന് മുഖ്താർ അൻസാരിയുടെ മകൻ ആരോപിച്ചു. 

ഗുണ്ടാത്തലവനും അഞ്ച് തവണ എംഎൽഎയുമായ രാഷ്ട്രീയ നേതാവാണ് മുഖ്താർ അൻസാരി.  മരണത്തെ തുടർന്ന് യുപി അതീവജാഗ്രതയിലാണ്. സംസ്ഥാന വ്യാപകമായി നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൃതദേഹം ബാന്ത മെഡിക്കൽ കോളജിൽവച്ച് പോസ്റ്റ്‌മോർട്ടം ചെയ്യും. ബാന്ത ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന മുഖ്താർ അൻസാരി ചികിൽസയിലിരിക്കെ ഇന്നലെയാണ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. ജയിലിൽവച്ച് ഭക്ഷണത്തിൽ വിഷം ചേർത്ത് കൊടുത്തെന്ന് ആദ്യം പറഞ്ഞത് സഹോദരനും BSP എംപിയുമായ അഫ്സൽ അൻസാരിയാണ്. പിന്നാലെയാണ് മകൻ ഉമർ അൻസാരിയും ആരോപണം ഏറ്റുപിടിച്ചത്.

BSP സീറ്റിലും സ്വതന്ത്രനായും അഞ്ചുതവണ മാവുസദർ നിയമസഭ മണ്ഡലത്തെ മുഖ്താർ അൻസാരി പ്രതിനിധീകരിച്ചു. ബിജെപി എംഎൽഎ കൃഷ്ണാനന്ദ റായിയെ കൊലപ്പെടുത്തിയ കേസിൽ പത്തുവർഷം തടവുശിക്ഷയും വ്യാജ തോക്ക് ലൈസസുണ്ടാക്കിയ കേസിൽ ജീവപര്യന്തവും ശിക്ഷിക്കപ്പെട്ടു. ഇതടക്കം ആകെ ആറ് കേസുകളിൽ ശിക്ഷിക്കപ്പെട്ടു. 60ലേറെ കേസുകളിൽ പ്രതിയാണ്. പൂർവാഞ്ചൽ മേഖലയിലെ ബാഹുബലി എന്ന് വിളിപ്പേരും. മുഖ്താർ അൻസാരിയുടെ മരണത്തിൽ വ്യാജ റിപ്പോർട്ടുകൾ പ്രചരിപ്പിക്കരുതെന്നും മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും  യുപി പൊലീസ് അറിയിച്ചു.

Slow poisoning charge after Ansari’s death