പക്ഷികളുടെ കണ്ണില്‍ സൂചി കുത്തിക്കയറ്റി നൂലുകോര്‍ത്ത് വേട്ട; ക്രൂരം

കോഴിക്കോട് കൊടിയത്തൂരില്‍ ദേശാടന പക്ഷികളെയടക്കം കണ്ണില്‍ സൂചികുത്തി വേട്ടയാടുന്ന സംഘത്തിലെ മൂന്നു പേര്‍ പിടിയില്‍.  സംരക്ഷിത വിഭാഗത്തിലെ പക്ഷികളല്ലാത്തതിനാല്‍ തമിഴ്നാട് സ്വദേശികളായ ഇവര്‍ക്കെതിരെ നടപടിെയടുക്കാന്‍ വകുപ്പില്ലെന്നാണ് വനം വകുപ്പിന്‍റെ വാദം

പക്ഷികളുടെ കണ്ണില്‍ സൂചി കുത്തിക്കയറ്റി നൂലുകോര്‍ത്ത് വേട്ടയാടുന്ന കണ്ണില്ലാത്ത ക്രൂരതയാണ് കാരക്കുറ്റി വയലില്‍ നടന്നിരുന്നത്. ആദ്യം ഒറ്റപ്പെട്ട പക്ഷികളെ പിടികൂടും പിന്നീട് അവയുടെ കണ്ണുകളില്‍ സൂചികുത്തിക്കയറ്റി ചരടുകോര്‍ത്ത് വയലില്‍ കെട്ടി തൂക്കിയിടും. പിന്നീട് വലയും കമ്പിയും കൊണ്ട് കെണി ഒരുക്കും. പക്ഷികളുടെ കരച്ചില്‍ കേട്ടെത്തുന്ന മറ്റ് പക്ഷികളും ഈ കെണിയിലകപ്പെടുന്നു. 

പ്രാവുകളെയാണ് കൂടുതലായി വേട്ടയാടപ്പെടുന്നത്. അതിനോടൊപ്പം കൊക്കുകള്‍, ദേശാടന പക്ഷികള്‍ എന്നിവയേയും ഇവര്‍ പിടികൂടി ഭക്ഷിക്കുകയോ വില്‍ക്കുകയോ ചെയ്യും. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഇവരെ പിടികൂടിയത്. വനം വകുപ്പെത്തി പക്ഷികളെ പിടികൂടാനുപയോഗിച്ച വലയും മറ്റ് ഉപകരണങ്ങളും നശിപ്പിച്ചു. വേട്ടകാര്‍ക്ക് താക്കീത് നല്‍കി വിട്ടയയ്ക്കുകയും ചെയ്തു