മുഖ്താര്‍ അന്‍സാരിയുടെ മരണം; യുപിയില്‍ അതീവ ജാഗ്രത

ജയിലിലായിരുന്ന ഗുണ്ടാത്തലവനും മുന്‍ എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരിയുടെ മരണത്തെത്തുടര്‍ന്ന് യുപിയില്‍ അതീവജാഗ്രത. പിതാവിന് വിഷം നല്‍കിയതാണെന്ന്  മകന്‍ ആരോപിച്ചു. സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് അഖിലേഷ് യാദവും ഉന്നതതല അന്വേഷണം വേണമെന്ന് മായാവതിയും ആവശ്യപ്പെട്ടു. മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.  

ബാന്ത ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന ഗുണ്ടാ നേതാവും അഞ്ചു തവണ എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരി ഹൃദയാഘാതത്തെത്തുടര്‍ന്ന് ചികില്‍സയിലിരിക്കെയാണ് മരിച്ചത്. എന്നാല്‍ ജയിലില്‍വച്ച് ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയിരുന്നുവെന്ന് സഹോദരനും ബിഎസ്പി എംപിയുമായ അഫ്സല്‍ അന്‍സാരി ആരോപിച്ചു. പിന്നാലെ മകന്‍ ഉമര്‍ അന്‍സാരിയും ആരോപണം ഏറ്റുപിടിച്ചു.

യുപിയില്‍ പൊലീസ് കസ്റ്റഡിയിലും ജയിലിലുമുള്ള ആളുകള്‍ സംശയാസ്പദമായി കൊല്ലപ്പെടുന്നുവെന്നും യുപി സര്‍ക്കാരിന് ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്നും സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. സുപ്രീംകോടതി ജഡ്ജിന്‍റെ മേല്‍ നോട്ടത്തില്‍ അന്വേഷണം വേണമെന്ന് അഖിലേഷും അന്‍സാരിയുടെ കുടുംബാംഗങ്ങള്‍ ഉന്നയിച്ച ആരോപണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ബിഎസ്പി നേതാവ് മായാവതിയും ആരോപിച്ചു. പ്രഥമദൃഷ്ട്യ ഹൃദയാഘാതമല്ല മരണകാരണമെന്ന് അന്‍സാരിയുടെ അഭിഭാഷകനും പറയുന്നു. നീതി നടപ്പാക്കപ്പെട്ടുവെന്ന് അന്‍സാരി കൊലപ്പെടുത്തിയ ബിജെപി മുന്‍ എംഎല്‍എ കൃഷ്ണാനന്ദറായുടെ ഭാര്യ പ്രതികരിച്ചു. മാവു സദര്‍ സീറ്റില്‍ നിന്ന് അഞ്ച് തവണ നിയമസഭയിലേയ്ക്ക് വിജയിച്ച മുഖ്താര്‍ അന്‍സാരി അറുപതിലധികം കേസുകളില്‍ പ്രതിയായിരുന്നു.