നാവികസേനയ്ക്ക് കരുത്തു പകരാന്‍ പുതിയ അന്തര്‍വാഹിനി; ഐഎന്‍എസ് വാഗിര്‍

ഇന്ത്യൻ സമുദ്രസുരക്ഷയ്ക്ക് കരുത്തുപകരാൻ നാവികസേനയുടെ പുതിയ അന്തര്‍വാഹിനി ഐഎന്‍എസ് വാഗിര്‍ കമ്മിഷന്‍ ചെയ്തു. മുംബൈയിലെ നാവികസേന തുറമുഖത്ത് നാവികസേനാമേധാവി അഡ്മിറൽ ആർ.ഹരികുമാറിന്റെ സാന്നിധ്യത്തിലായിരുന്നു കമ്മിഷനിങ്.

കഴിഞ്ഞവർഷം ഫെബ്രുവരിയിൽ നീറ്റിലിറക്കിയ വാഗിർ സമുദ്ര പരീക്ഷണങ്ങൾക്കുശേഷമാണ് ഇന്ന് നാവികസേനയുടെ ഭാഗമായത്. ഡീസലിൽ പ്രവർത്തിക്കുന്ന ആക്രമണ വിഭാഗത്തിൽപ്പെട്ട അഞ്ചാമത്തെ അന്തർവാഹിനിയാണിത്. പ്രോജക്ട് 75ന്‍റെ ഭാഗമായി നിര്‍മിച്ച കാല്‍വരി ക്ലാസിലെ അഞ്ചാം തലമുറ അന്തര്‍വാഹിനിയാണ് ഐഎന്‍എസ് വാഗിര്‍. ഫ്രഞ്ച് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമാണം. സമുദ്രോപരിതലത്തിലും അടിത്തട്ടിലും ഒരുപോലെ പോരാട്ട മികവുണ്ടാകും വാഗിറിന്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണുന്ന സാന്‍ഡ് മല്‍സ്യത്തിന്‍റെ പേരാണ് അന്തര്‍വാഹിനിക്ക് നല്‍കിയിട്ടുള്ളത്.  നേരത്തെയും വാഗിർ എന്ന പേരിലുള്ള അന്തർവാഹിനി സേനയ്ക്കുണ്ടായിരുന്നു. ആദ്യ വാഗിർ മുങ്ങിക്കപ്പൽ 1973 ഡിസംബർ മൂന്നിനാണ് നാവികസേനയുടെ ഭാഗമായത്. റഷ്യയിൽ നിർമിച്ച അന്തർവാഹിനി പിന്നീട് ഡീക്കമ്മിഷൻ ചെയ്തു.

Submarine INS Wagir commissioned