ട്രെയിൻ യാത്രയ്ക്കിടെ ഇരുമ്പുകമ്പി കഴുത്തിൽ തുളച്ചുകയറി യുവാവിന് ദാരുണാന്ത്യം

ഇരുമ്പുകമ്പ് കഴുത്തിൽ തുളച്ചു കയറി ട്രെയിൻ യാത്രക്കാരന് ദാരുണാന്ത്യം.  നിലഞ്ചൽ എക്സ്പ്രസില്‍ ഡൽഹിയിൽ നിന്ന് കാൺപൂരിലേക്ക് പോകുകയായിരുന്ന ഹരികേഷ് ദുബെ എന്ന യുവാവിനാണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെ 8.45 ഓടെയായിരുന്നു സംഭവം. ജനൽചില്ല് തകർത്ത് തീവണ്ടിക്കകത്തെത്തിയ ഇരുമ്പുകമ്പി യുവാവിൻറെ കഴുത്തിലൂടെ തുളച്ച് തൊട്ടടുത്ത സീറ്റിലേക്കെത്തുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. അപ്പുറത്തെ സീറ്റിലിരുന്ന യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

ഇരുമ്പുവടി പുറത്തു നിന്നും വന്നതാണെന്നും യുവാവ് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചെന്നും റയിൽവെ വക്താവ് എച്ച്.എസ് ഉപാധ്യായ പറഞ്ഞു.തൊട്ടടുത്ത ട്രാക്കിൽ അറ്റകുറ്റപ്പണിക്കായി സ്ഥാപിച്ച ഇരുമ്പുകമ്പിയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം, ആർ.പിഎഫും റയിൽവേ പൊലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Man impaled on iron rod on board Delhi-Kanpur train