‘അത്ര തമാശയല്ല'; വിദ്യാർഥിയെ തീവ്രവാദി എന്ന് വിളിച്ച് അധ്യാപകൻ; മറുപടി; രോഷം

ക്ലാസ്മുറിയിൽ വച്ച് മുസ്‍ലിം വിദ്യാർഥിയെ തീവ്രവാദിയെന്ന് വിളിച്ച് അധ്യാപകൻ. കർണാടകയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അധ്യാപകനാണ് വിദ്യാർഥിയെ ക്ലാസ് നടക്കവെ തീവ്രവാദി എന്ന് വിളിച്ചത്. ഉടൻ തന്നെ വിദ്യാർഥി രോഷത്തോടെ പ്രതികരിക്കുകയും ചെയ്തു. വിഡിയോ മറ്റൊരു വിദ്യാർഥി ഫോണിൽ പകര്‍ത്തി. സോഷ്യൽ മീഡിയയിൽ ദൃശ്യം പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാർഥി പ്രതികരിക്കാൻ തുടങ്ങിയതോടെ കാര്യങ്ങളുടെ സ്ഥിതി വഷളാകുമെന്ന് മനസിലാക്കിയ അധ്യാപകൻ നിങ്ങൾ എന്റെ കുട്ടിയെ പോലെയാണെന്ന് പറഞ്ഞു ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മകന്റെ മുഖത്തു നോക്കി നിങ്ങൾ ഭീകരവാദിയെന്ന് വിളിക്കുമോ എന്നായിരുന്നു വിദ്യാർഥിയുടെ ചോദ്യം. വിദ്യാർഥിയോട് അധ്യാപകൻ മാപ്പു ചോദിക്കുന്നതും വിഡിയോയിൽ കാണാം. അങ്ങനെ സംസാരിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യപ്പെടുന്നുവെന്നാണ് വിദ്യാർഥി ചോദിക്കുന്നത്. നിങ്ങൾ എന്റെ കുട്ടിയെപ്പോലെയാണെന്ന് അധ്യാപകന്റെ മരുപടി. ഇല്ല, ഇത് തമാശയല്ല. ഈ രാജ്യത്ത് ഒരു മുസ്‍ലിമായിരിന്നുകൊണ്ട് ഇതിനെ അഭിമുഖീകരിക്കുക അത്ര തമാശയല്ല'. വിദ്യാർഥി പറഞ്ഞ മറുപടി ഇങ്ങനെ.