വയറുവേദന രൂക്ഷം; തടവുകാരന്റെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് ചൈനീസ് ഫോണ്‍

കടുത്ത വയറുവേദനയെ തുടര്‍ന്നാണ് കര്‍ണാടകയിലെ ശിവമോഗ ജയിലിലെ ഒരു തടവുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പരശുരാമിന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ കണ്ടെടുത്തത് മൊബൈല്‍ ഫോണ്‍. 

കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന പ്രതിയാണ് മൊബൈല്‍ ഫോണ്‍ വിഴുങ്ങിയത്. വയറ് വേദന തുടര്‍ന്നതോടെ ഇയാളെ ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. സ്കാനിങ്ങില്‍ വയറിനുള്ളില്‍ എന്തോ കുടുങ്ങിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ക്ക് വ്യക്തമായി. 

കീപാഡ് മൊബൈല്‍ ഫോണാണ് വയറിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. വയറിനുള്ളില്‍ നിന്ന് മൊബൈല്‍ നീക്കി. ചെറിയ ചൈനീസ് മോഡല്‍ ഫോണായിരുന്നു ഇത്. ആദ്യം എന്‍ഡോസ്കോപിയിലൂടെ ഫോണിന്റെ ബാറ്ററിയും ബാക്ക് കവറുമാണ് നീക്കിയത്. കീപ്പാഡ് എടുക്കാന്‍ സാധിച്ചിരുന്നില്ല. പിന്നാലെ വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തി കീപാഡും പുറത്തെടുത്തു. ഒരു മണിക്കൂറും 15 മിനിറ്റും നീണ്ടതായിരുന്നു ശസ്ത്രക്രിയ. ഇയാളുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.