പ്രചാരണം അവസാനലാപ്പിലേക്ക്; കോണ്‍ഗ്രസിനെ തുടച്ചു നീക്കുമെന്ന് മോദി

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേക്ക്. നര്‍മ്മദ അണക്കെട്ട് ഉയര്‍ത്തി കോണ്‍ഗ്രസിനെ ആക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിനെ ജനം തുടച്ചു നീക്കുമെന്നും പ്രധാനമന്ത്രി സൗരാഷ്ട്രയിലെ റാലിയില്‍ പറഞ്ഞു. ബിജെപി ഭരണം ദുരിതക്കയത്തിലേക്ക് തള്ളിയിട്ടവരെ കരകയറ്റാന്‍ കോണ്‍ഗ്രസ് അധികാരത്തിലേറണമെന്നും രാജ്യത്തിന്റെ ഐക്യത്തിനായാണ് ഭാരത് ജോഡോ എന്നും രാഹുല്‍ ഗാന്ധി മറുപടി നല്‍കി.

ഡിസംബര്‍ 1ന് തിരഞ്ഞെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണത്തിനിനി എട്ട് ദിവസം മാത്രം. 48 മണ്ഡലങ്ങളുള്ള സൗരാഷ്ട്രയില്‍ പ്രധാന നേതാക്കളെ ഇറക്കി പ്രചാരണം കൊഴുപ്പിക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും.സുരേന്ദ്ര നഗര്‍, രാജ്കോട്ട്, സൂറത്ത് എന്നിവിടങ്ങളിലായി മൂന്ന് റാലികളെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്തു. ഇന്നും പരിസ്ഥിതി പ്രവര്‍ത്തക മേധാ പഡ്കറുടെ ഭാരത് ജോഡോ യാത്രയിലെ സാന്നിധ്യവും നര്‍മ്മദ അണക്കെട്ടിനെതിരായ പ്രതിഷേധവും ആയുധമാക്കിയായിരുന്നു കോണ്‍ഗ്രസിനെതിരായ പ്രധാനമന്ത്രിയുടെ വിമര്‍ശനം. 

ഹെലികോപ്ടറില്‍  സഞ്ചരിച്ചല്ല ജനങ്ങളിലേക്കിറങ്ങി അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും രാജ്യത്തെ ഒന്നിപ്പിക്കാനാണ് ഭാരത് ജോഡോ എന്നും രാഹുല്‍ ഗാന്ധി സൂറത്തിലെ റാലിയില്‍ മറുപടി നല്‍കി. രാജ്കോട്ടിലെ റാലിയിലും രാഹുല്‍ പങ്കെടുത്തു. ബിജെപിയുടെ വിജയ് സങ്കല്‍പ് റാലികള്‍ക്ക് നേതൃത്വം നല്‍കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്തുണ്ട്. എഎപിക്കായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അമ്രേലിയില്‍ റാലി നടത്തി.