ഹിന്ദുവല്ലാത്ത ഒരാള്‍ ഇന്ത്യയില്‍ പ്രധാനമന്ത്രിയാകുമോ? ബിജെപിയോട് ശശി തരൂര്‍

ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായതില്‍ നിന്ന് ഇന്ത്യയ്ക്ക് പഠിക്കാന്‍ ഏറെയുണ്ടെന്ന് ശശി തരൂര്‍. മതങ്ങള്‍ക്കപ്പുറം കഴിവിനെ അംഗീകരിക്കാന്‍ ബ്രിട്ടീഷ് ജനത തയാറായി. നൂറ്റാണ്ടുകളോളം താഴ്ന്നവരായി കണ്ടിരുന്ന ഇന്ത്യന്‍ വംശജരില്‍ നിന്നൊരാളെ സ്വന്തം നേതാവായി അവര്‍ അംഗീകരിച്ചു. പ്രധാനമന്ത്രിയാകാന്‍ പ്രായക്കുറവ് വിലങ്ങുതടിയല്ലെന്നും ബ്രിട്ടീഷുകാര്‍ തെളിയിച്ചു. 

എന്നാല്‍ ഹിന്ദുവല്ലാത്ത ഒരാളെ പ്രധാനമന്ത്രിയായി കാണാന്‍ ഇന്ത്യയില്‍ സാധ്യമാകുമോ എന്ന് ശശി തരൂര്‍ എന്‍ഡിടിവി അഭിമുഖത്തില്‍ ചോദിച്ചു. ഡോ.മന്‍മോഹന്‍ സിങ് സിഖ് മതത്തില്‍പ്പെട്ടയാളാണ്. എന്നാല്‍ സിഖ് മതത്തെ തങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായി ഹിന്ദുക്കള്‍ കാണാറില്ല. ഹിന്ദുത്വ പ്രത്യയശാസ്ത്രം പിന്തുടരുന്നവര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉടലെടുത്ത എല്ലാ മതങ്ങളെയും ഇന്‍ഡിക് മതങ്ങളായാണ് കാണുന്നത്. സിഖ്, ജൈന, ബുദ്ധമതങ്ങളെല്ലാം ഇത്തരത്തില്‍ അംഗീകരിക്കപ്പെടുന്നവയാണ്. 

എന്നാല്‍ ഈ മതങ്ങളില്‍പ്പെടാത്ത ഒരാളെ, ഇസ്‍ലാമോ ക്രിസ്തുമതമോ പിന്തുടരുന്ന ഒരാളെ പ്രധാനമന്ത്രിയായി കാണാനും അംഗീകരിക്കാനും ഇന്ത്യയില്‍ സാധിക്കുമോ എന്ന് തരൂര്‍ ചോദിച്ചു. ദേശീയവാദികളെന്ന് അവകാശപ്പെടുന്ന ബിജെപിക്ക് ഒരു മുസ്‍ലിം എംപി പോലുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

പ്രധാനമന്ത്രിപദവിയില്‍ സോണിയ ഗാന്ധിയെ അവരോധിക്കാന്‍ യുപിഎ ഘടകകക്ഷികള്‍ തീരുമാനിച്ചപ്പോള്‍ ഉണ്ടായ സാഹചര്യം തരൂര്‍ ഓര്‍മിപ്പിച്ചു. സോണിയയെ പ്രധാനമന്ത്രിയാക്കിയാല്‍ തലമൊട്ടയടിച്ച് പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്നാണ് ബിജെപിയുടെ പ്രമുഖ വനിതാനേതാവ് ഭീഷണി മുഴക്കിയത്. 

ബ്രിട്ടീഷ് വംശീയവെറിയുടെ ഏറ്റവും വലിയ വിമര്‍ശകനാണ് താന്‍. നൂറ്റാണ്ടുകളുടെ വംശീയവിദ്വേഷ ചരിത്രമുള്ള അവര്‍ തങ്ങളുടെ നേതാവായി ഋഷി സുനക് എന്ന ഹിന്ദുവിനെ തിരഞ്ഞെടുത്തത് ചെറിയ കാര്യമല്ല. അത് അംഗീകരിച്ചേ മതിയാകൂ. ഇന്നും പ്രത്യക്ഷമായ വംശീയവെറിയുടെ ചരിത്രം പേറുന്നവര്‍ അതിന്റെ ദോഷങ്ങളെ ഈ ഒറ്റ തീരുമാനത്തിലൂടെ മറികടന്നിരിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു. 42 വയസ് മാത്രം പ്രായമുള്ള രാഷ്ട്രീയത്തില്‍ 7 വര്‍ഷം മാത്രം പരിചയമുള്ള ഒരാളു‌ടെ കഴിവില്‍ വിശ്വസിച്ച് പ്രധാനമന്ത്രിയാക്കിയത് ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും കാണേണ്ട കാര്യമാണ്.

ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായത് ആഘോഷിക്കുന്ന ഇന്ത്യക്കാര്‍ സ്വയം ചോദിക്കേണ്ട ചോദ്യം നമ്മുടെ നാട്ടില്‍ ഇങ്ങനെയൊരു കാര്യം നടക്കുമോ എന്നാണെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. ഈ അഭിപ്രായ പ്രകടനത്തിന്റെ പേരിലാണ് സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിനുനേരെ ആക്രമണമുണ്ടായത്. ഡോ. മന്‍മോഹന്‍ സിങ് 10 വര്‍ഷം പ്രധാനമന്ത്രിയായിരുന്നതും എപിജെ അബ്ദുല്‍ കലാമും ദ്രൗപതി മുര്‍മുവുമെല്ലാം രാഷ്ട്രപതിമാരായതും ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ വാദത്തെ ബിജെപി അനുകൂലികള്‍ ഖണ്ഡിച്ചത്. ഈ പശ്ചാത്തലത്തിലാണ് നിലപാടിലുറച്ചുള്ള തരൂരിന്റെ വിശദീകരണം.

As Rishi Sunak becomes the Prime Minister of the UK, Shashi Tharoor stirs up a debate about diversity and representation in India