പ്രധാനമന്ത്രി മോഹം; നിതീഷ് വഞ്ചിച്ചു; ഇനിയും ചതിക്കും; പ്രധാനം അധികാര കസേര: അമിത് ഷാ

പ്രധാനമന്ത്രി സ്ഥാനമോഹത്താൽ നിതീഷ് കുമാർ ബിജെപിയെ വഞ്ചിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിഹാറിലെ പുർണിയയിൽ ബിജെപി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നിതീഷ് കുമാറിനു പ്രത്യയശാസ്ത്രത്തേക്കാൾ പ്രധാനമാണ് അധികാര കസേരയെന്നു അമിത് ഷാ പറഞ്ഞു. 

നിതീഷിന്റെ രാഷ്ട്രീയ ജീവിതം തുടക്കം മുതൽ കുതികാൽ വെട്ടലുകളുടെ ചരിത്രമാണ്. ദേവിലാൽ, ലാലു യാദവ്, ജോർജ് ഫെർണാണ്ടസ്, ശരദ് യാദവ്, റാം വിലാസ് പാസ്വാൻ, ജിതിൻ റാം മാഞ്ചി തുടങ്ങി സോഷ്യലിസ്റ്റ് ചേരിയിലെ നേതാക്കളെയെല്ലാം നിതീഷ് ഓരോ ഘട്ടങ്ങളിൽ ചതിച്ചിട്ടുണ്ട്. ലാലുവിനെ രണ്ടു തവണ ചതിച്ച ശേഷമാണ് ഇപ്പോൾ വീണ്ടും കൂട്ടു പിടിച്ചിട്ടുള്ളത്. നിതീഷ് വീണ്ടും ചതിക്കാൻ മടിക്കില്ലെന്നും ലാലുവിന് അമിത് ഷാ മുന്നറിയിപ്പു നൽകി. 

കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിലൂടെ വളർന്ന നിതീഷിന് ഇപ്പോൾ കോൺഗ്രസുമായി കൈകോർക്കാൻ മടിയില്ല. ബിഹാറിനെ കഴിഞ്ഞ മൂന്നു വർഷങ്ങൾ കൊണ്ടു മാവോയിസ്റ്റ് ഭീഷണിയിൽനിന്നു പൂർണമായി മോചിപ്പിക്കാൻ നരേന്ദ്ര മോദി സർക്കാരിനു കഴിഞ്ഞു. ബിഹാറിലെ വനമേഖലകളിൽനിന്നു മാവോയിസ്റ്റുകളെ തുരത്തി.

ബിഹാറിൽ നിതീഷ് – ലാലു ഭരണം ആരംഭിച്ചതോടെ സീമാഞ്ചൽ മേഖലയിലെ ജനങ്ങൾ ഭീതിയിലായിട്ടുണ്ട്. സീമാഞ്ചൽ ഇന്ത്യയുടെ ഭാഗവും കേന്ദ്രം ഭരിക്കുന്നത് നരേന്ദ്ര മോദിയുമായതിനാൽ ജനങ്ങൾക്കു ധൈര്യസമേതം ജീവിക്കാമെന്നും അമിത് ഷാ ഉറപ്പു നൽകി.

അമിത് ഷാ രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് ബിഹാറിലെ സീമാഞ്ചൽ മേഖലയിലെത്തിയത്. ന്യൂനപക്ഷ ശക്തികേന്ദ്രമായ സീമാഞ്ചലിൽ അമിത് ഷാ എത്തിയത് വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്ന് ആർജെഡി – ജെഡിയു നേതാക്കൾ ആരോപിച്ചിരുന്നു.