ആഭ്യന്തരം വേണമെന്ന് ഷിൻഡെ, പറ്റില്ലെന്ന് ബിജെപി; അടി തുടരുന്നു

മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ– ബിജെപി സർക്കാരിൽ ആഭ്യന്തര വകുപ്പിനായുള്ള വടംവലി ശക്തമായി. ശിവസേനാ വിമതനായ ഷിൻഡെയ്ക്കു മുഖ്യമന്ത്രിസ്ഥാനം നൽകി ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒതുങ്ങിയപ്പോൾ തന്നെ ബിജെപി ആഭ്യന്തരവകുപ്പിൽ പിടിമുറുക്കിയതാണ്. എന്നാൽ, മുഖ്യമന്ത്രി തന്നെ ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്യുന്നത് ഭരണനിർവഹണം സുഗമമാക്കുമെന്നു ഷിൻഡെ നിലപാട് എടുത്തതോടെ സഖ്യത്തിൽ കല്ലുകടിയായി. ഷിൻഡെ വിഭാഗത്തിലും ബിജെപിയിലും മന്ത്രിസ്ഥാന മോഹം സഫലമാകാത്തവരുടെ എതിർപ്പ് തുടരുന്നതിനിടെയാണ് പുതിയ കടമ്പ. 

അതിനിടെ, പ്രതിപക്ഷത്ത് ശിവസേന (ഉദ്ധവ്) –എൻസിപി– കോൺഗ്രസ് സഖ്യത്തിലും (മഹാവികാസ് അഘാഡി) അസ്വാരസ്യങ്ങൾ തല പൊക്കുന്നു. ശിവസേനാ അംഗത്തെ നിയമസഭാ കൗൺസിൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ ഏകപക്ഷീയമായി പ്രഖ്യാപിച്ചതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ശിവസേനയുമായുള്ളത് ആയുഷ്കാല സഖ്യമല്ലെന്നും ബിജെപിയെ അധികാരത്തിൽ നിന്നു തടയാൻ വേണ്ടി തൽക്കാലം രൂപീകരിച്ച മുന്നണിയാണ് അഘാഡിയെന്നും കോൺഗ്രസ് അധ്യക്ഷൻ നാനാ പഠോളെ തുറന്നടിച്ചു.