ഉദ്ധവിനെ വീഴ്ത്തി; ബിജെപിയുടെ ആഘോഷങ്ങളിൽ പങ്കെടുക്കാതെ ഫഡ്നാവിസ്; റിപ്പോർട്ട്

മഹാരാഷ്ട്രയിൽ അധികാരം പിടിച്ചെടുത്തതിന്റെ ആഘോഷങ്ങളിൽനിന്ന് മുൻ മുഖ്യമന്ത്രിയും ഇപ്പോള്‍ ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് വിട്ടുനിൽക്കുന്നതായി റിപ്പോർട്ട്. സംസ്ഥാന ബിജെപി ആസ്ഥാനത്തു വെള്ളിയാഴ്ച നടന്ന ആഘോഷങ്ങളിൽ ഫഡ്നാവിസ് പങ്കെടുക്കാതിരുന്നത് ഇതിനോടകംതന്നെ ചർച്ചയായിട്ടുണ്ട്.

ജൂലൈ മൂന്നു മുതൽ മഹാരാഷ്ട്ര നിയമസഭാ സമ്മേളനമുള്ളതിനാൽ ഫഡ്നാവിസ് അദ്ദേഹത്തിന്റെ വീട്ടിൽ ചില ചർച്ചകളിലായിരുന്നെന്ന് ഉപമുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു. നിയമസഭാ സമ്മേളനത്തിന്റെ തിരക്കിലായതിനാൽ ഫഡ്നാവിസ് ഹൈദരാബാദിൽ നടക്കുന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവിലും പങ്കെടുക്കില്ലെന്നാണ് നേതാക്കൾ അറിയിച്ചത്. ഇക്കാര്യം ബിജെപി ദേശീയ നേതാക്കളെയും ധരിപ്പിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് ഹോട്ടലിൽ ബിജെപി നിയമസഭാംഗങ്ങളുമായി ഫഡ്നാവിസ് ചർച്ച നടത്തും. ശിവസേനയിലെ പ്രശ്നങ്ങളെ തുടർന്ന് ഉദ്ധവ് താക്കറെ സർക്കാർ താഴെവീണതോടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയാകുമെന്ന് ഫഡ്നാവിസ് തന്നെ പ്രഖ്യാപിച്ചു.

ബിജെപി, നിയമസഭയിലെ വലിയ ഒറ്റകക്ഷിയാകുമ്പോഴും മന്ത്രിസഭയിലേക്കില്ലെന്ന നിലപാടും ഫഡ്നാവിസ് സ്വീകരിച്ചു. പിന്നീട് ദേശീയ നേതൃത്വത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ഫഡ്നാവിസ് ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തത്.