രാഹുൽ എന്തിന് ജെറമി കോർബിനെ കണ്ടു? ബിജെപി വിമർശനം; മോദിക്കൊപ്പമുള്ള ചിത്രമിട്ട് കോൺഗ്രസ്

കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് ജെറമി കോർബിനുമായി ലണ്ടനിൽ കൂടിക്കാഴ്ച നടത്തിയതിൽ വിമർശനവുമായി ബിജെപി. രാഹുൽ ഗാന്ധി കോർബിന്റെ ഇന്ത്യ വിരുദ്ധ വീക്ഷണങ്ങളെ അംഗീകരിക്കുന്നുണ്ടോയെന്ന് ചോദിച്ചാണ് ബിജെപിയുടെ വിമർശനം.

ലണ്ടനിൽ സന്ദർശനം നടത്തുന്ന രാഹുൽ ഗാന്ധി തിങ്കളാഴ്ചയാണ് കോർബിനുമായി കൂടിക്കാഴ്ച നടത്തിയത്. പിന്നാലെ, കോർബിനും സാം പിത്രോദയ്‌ക്കും ഒപ്പമുള്ള രാഹുൽ ഗാന്ധിയുടെ ചിത്രം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ട്വിറ്ററിൽ പങ്കുവച്ചു. കോർബിന്‍ ഇന്ത്യയ്‌ക്കെതിരായ തന്റെ കാഴ്ചപ്പാടുകൾ പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്.

ഇതിനെ വിമർശിച്ച നിയമ മന്ത്രി കിരൺ റിജ്ജു ‘ഒരാൾക്ക് സ്വന്തം രാജ്യത്തിനെതിരെ എത്രകാലം മുന്നോട്ട് പോകാനാകുമെന്ന്’ ചോദിച്ചു. ബിജെപി നേതാവ് കപിൽ മിശ്രയും രാഹുലിന്റെ കൂടിക്കാഴ്ചയെ വിമർശിച്ചു. ‘രാഹുൽ ഗാന്ധി ജെറമി കോർബിനുമായി ലണ്ടനിൽ എന്താണ് ചെയ്യുന്നത്? ജെറമി കോർബിൻ ഇന്ത്യാ വിരുദ്ധ, ഹിന്ദു വിരുദ്ധ നിലപാടുകൾക്ക് കുപ്രസിദ്ധനാണ്. ജെറമി കോർബിൻ കശ്മീരിനെ ഇന്ത്യയിൽനിന്ന് വേർപെടുത്തണമെന്ന് പരസ്യമായി വാദിക്കുന്നു’– അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇതിനെ വിമർശിച്ച കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല, 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജെറമി കോർബിനുമായി കൂടിക്കാഴ്ച നടത്തിയ ചിത്രം ട്വീറ്റ് ചെയ്തു. വ്യത്യസ്ത വീക്ഷണങ്ങൾ പുലർത്തുന്ന ഒരു വ്യക്തിക്കൊപ്പം രാഹുൽ ഗാന്ധി ചിത്രമെടുക്കുന്നത് കുറ്റകൃത്യമോ ഭീകരപ്രവർത്തനമോ അല്ലെന്നും അദ്ദേഹം പറഞ്ഞു.