കർണാടകയില്‍ കനത്ത മഴ; മേട്ടൂർ ഡാമിലെ കാവേരി ജലം തുറന്നുവിട്ട് സ്റ്റാലിൻ

സേലം ജില്ലയിലെ മേട്ടൂർ ഡാമിൽ നിന്നും കാവേരി ജലം തുറന്നു വിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. കൃഷിക്കായി ആദ്യം 3000 ക്യുസെക്‌സ് വെള്ളമാണ് അണക്കെട്ടിൽ നിന്ന് ഡെൽറ്റ ജില്ലകളിലേക്ക് തുറന്നുവിട്ടിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ജലനിരപ്പ് 10,000 ക്യുസെക്സായി ഉയർത്തുമെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ അറിയിച്ചു.

ഡെൽറ്റ മേഖലകളിലെ ആവശ്യാനുസരണം വരും ദിവസങ്ങളിൽ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് ഇനിയും വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ജലവിഭവ മന്ത്രി ദുരൈ മുരുകൻ, മുനിസിപ്പൽ ഭരണ മന്ത്രി കെ എൻ നെഹ്‌റു എന്നിവർക്കൊപ്പം രാവിലെ 11.13ന് ആണ് മുഖ്യമന്ത്രി അണക്കെട്ടിന്റെ സ്ലൂയിസുകൾ തുറന്നുവിട്ടത്. ഡെൽറ്റ ജില്ലകളിലെ ഫലഭൂയിഷ്ഠമായ നാല് ലക്ഷം ഏക്കർ ഭൂമിക്ക് കാവേരി ജലം ഉപകാരപ്പെടുമെന്നും സ്റ്റാലിൻ പ്രത്യാശ പ്രകടിപ്പിച്ചു.

സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായിട്ടാണ് മെയ് മാസത്തിൽ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്നത്. സാധാരണ ജൂൺ 12നാണ് ഡാമിൽ നിന്ന് വെള്ളം തുറന്നുവിടുന്നത്. കർണ്ണാടകയിൽ കനത്ത മഴ പെയ്തതിനാൽ കാവേരി നദിയിലെ റിസർവോയറിൽ കഴിഞ്ഞ ദിവസങ്ങളിൽ നല്ല നീരൊഴുക്ക് ലഭിച്ചിരുന്നു