കസ്റ്റഡി മരണത്തെ ചൊല്ലി കലഹം; പൊലീസ് സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍; 3 പേര്‍ക്ക് പരുക്ക്

എൻഡിടിവി

കസ്റ്റഡി മരണത്തെ ചൊല്ലിയുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് സ്റ്റേഷന് തീയിട്ട് ജനങ്ങള്‍. അസമിലെ നഗോണ്‍ ജില്ലയിലാണ് സംഭവം. തീവെയ്പ്പില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. എന്നാല്‍ ജനങ്ങളല്ല, ക്രിമിനല്‍ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് ആരോപിച്ചു. 

കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ച 39കാരനെ പൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ചാണ് നാട്ടുകാര്‍ അക്രമാസക്തരായത്. എന്നാല്‍ പൊതുസ്ഥലത്ത് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനാണ് സഫിക്കുല്‍  ഇസ്ലാമിനെ അറസ്റ്റ് ചെയ്തതെന്നും അടുത്ത ദിവസം തന്നെ അയാളെ വിട്ടയച്ചുവെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് ഇയാള്‍ ശരീര വേദനയാണെന്ന് പറഞ്ഞ് രണ്ട് ആശുപത്രികളില്‍ ചികില്‍സ തേടിയിരുന്നുവെന്നും ദൗര്‍ഭാഗ്യവശാല്‍ മരിച്ചുവെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. എന്നാല്‍ സഫിക്കുലിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ സ്റ്റേഷനിലേക്ക് എത്തിയത്. സ്റ്റേഷന്‍ അക്രമത്തില്‍ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അസം ഡിജിപി അറിയിച്ചു.