'ഫെയ്‌സ്ബുക്കിലൂടെ പരിചയം; ലഹരി നൽകി പീഡപ്പിച്ചു': രാജസ്ഥാൻ മന്ത്രിയുടെ മകനെതിരേ പരാതി

രാജസ്ഥാൻ മന്ത്രി മഹേഷ് ജോഷിയുടെ മകൻ രോഹിത് ജോഷിക്കെതിരേ ലൈംഗിക പീഡന പരാതിയുമായി ജയ്പുർ സ്വദേശിനി രംഗത്ത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി.  കഴിഞ്ഞ വർഷം ജനുവരി 8 മുതൽ ഏപ്രിൽ 17 വരെ പലതവണ തന്നെ രോഹിത് ജോഷി പീഡിപ്പിച്ചുവെന്നാണ് 23കാരി ആരോപിക്കുന്നത്. യുവതിയുടെ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്തു. രാജസ്ഥാൻ പൊലീസിനു വിവരം കൈമാറിയതായി ഡൽഹി പൊലീസ് അറിയിച്ചു. 

ഫെയ്‌സ്ബുക്കിലൂടെയാണ് യുവതി രോഹിത്തിനെ പരിചയപ്പെട്ടത്. പിന്നീട് ജയ്‌പുരിൽവച്ചു കണ്ടുമുട്ടി. 2021 ജനുവരി 8നു രാജസ്ഥാനിലെ സവായ് മധോപുരിലേക്കു ക്ഷണിച്ചു. ആദ്യ കൂടിക്കാഴ്ചയിൽ പാനീയത്തിൽ ലഹരിമരുന്നു നൽകി നഗ്നചിത്രങ്ങൾ എടുത്തു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നും ഒരിക്കൽ ഡൽഹിയിൽവച്ചു പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. 

‘ഭാര്യാഭർത്താക്കന്മാരായാണ് ഹോട്ടലിൽ മുറിയെടുത്തത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും മദ്യപിച്ച് അസഭ്യം പറയുകയും ചെയ്തു. അശ്ലീല വീഡിയോകൾ എടുത്ത്, അവ അപ്‌ലോഡ് ചെയ്ത് വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി’– യുവതി പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിൽ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി ഗർഭഛിദ്രത്തിനു നിർബന്ധിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. അതേസമയം, രാഷ്ട്രീയത്തിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളും സാധാരണമാണെന്ന് മറ്റൊരു മന്ത്രി പ്രമോദ് ജെയിൻ പരാതിയോടു പ്രതികരിച്ചു. കേസിനെക്കുറിച്ചു പ്രതികരിക്കാൻ മന്ത്രി മഹേഷ് ജോഷിയും മകൻ രോഹിത്തും തയാറായില്ല.