പ്രധാനമന്ത്രിയുടെ വരുമാനം കൂടി; 22 ലക്ഷത്തിന്റെ വർധന; റിപ്പോർട്ട്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാർഷികവരുമാനത്തിൽ മുൻ വർഷത്തേക്കാൾ വർധനവെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.  ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം മുൻ വർഷത്തെക്കാൾ 22 ലക്ഷം രൂപയുടെ വർധനവാണ് മോദിക്കുണ്ടായത്. ഇതോടെ വരുമാനം 2.85 കോടിയില്‍ നിന്ന് 3.07 കോടി (3,07,68,885) ആയി ഉയര്‍ന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 

രേഖകൾ പ്രകാരം 1.5 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലുള്ളത്. കയ്യിൽ 36,000 രൂപയുമുണ്ട്. ഇതിെനാപ്പം ഗാന്ധിനഗര്‍ എസ്ബിഐയിലെ അക്കൗണ്ടില്‍ 1.86 കോടി രൂപ സ്ഥിരനിക്ഷേപമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 1.6 കോടി രൂപയായിരുന്നു. ഇതിനൊപ്പം 1.48 ലക്ഷം രൂപ വിലവരുന്ന നാല് സ്വർണമോതിരവും അദ്ദേഹത്തിനുണ്ട്.ജംഗമവസ്തുക്കളായി 1.97 കോടി രൂപയുടെ വസ്തുവകകളാണ് പ്രധാനമന്ത്രിക്കുള്ളത്. സ്വന്തമായി വാഹനമില്ല. ലോൺ അടക്കമുള്ള മറ്റ് കടബാധ്യതകളും അദ്ദേഹത്തിനില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. മാർച്ച് 31 2021 വരെയുള്ള വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്.