11 വർഷത്തെ കൊടുംപക; രോഹിണി കോടതിയിലെ വെടിവെപ്പിന് പിന്നിലെ കഥ

കോടതിമുറിക്കുള്ളിലെ വെടിവെപ്പിന്റെ നടുക്കം രാജ്യത്തിന് ഇതുവരെ വിട്ടുമാറിയിട്ടില്ല. ഒരു ദശാബ്ദത്തിലേറെ നീണ്ട പകയും പകരംവീട്ടലുമാണ് ഇന്നലെ കോടതി മുറിക്കുള്ളിൽ അവസാനിച്ചത്. അവസാനിച്ചോ എന്ന് ഇനിയും പറയാനായിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ പറയുന്നു. 2010 ലെ കോളജ് പഠനകാലത്തെ സംഭവമാണ് ഗുണ്ടാത്തലവൻ ജിതേന്ദർ മൻ ഗോഗിയുടെ കൊലപാതകത്തിൽ കലാശിച്ചത്. 

കോളജ് വിദ്യാർഥിയായിരുന്നു അന്ന് ജിതേന്ദർ. സുഹൃത്ത് കോളജ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയപ്പോൾ തില്ലു അയാളെ മർദിച്ചു പത്രിക പിൻവലിപ്പിച്ചു. ഇതിന്റെ ദേഷ്യത്തിന് 2010 ൽ തില്ലുവിന്റെ സുഹൃത്തായ പ്രവീണിനു നേരെ ഗോഗി വെടിവച്ചു. അറസ്റ്റിലായി പിന്നീടു ജയിൽ മോചിതനായെങ്കിലും ജിതേന്ദർ ഗോഗി തിരികെ കോളജിലെത്തിയില്ല. കാൻസർ ബാധിതനായി പിതാവു മരിക്കുക കൂടിയ ചെയ്തതോടെ അക്രമപാതയിലേക്കു പൂർണമായി തിരിഞ്ഞു. 

2013 ൽ ഡൽഹി സർവകലാശാലയ്ക്കു കീഴിലെ ശ്രദ്ധാനന്ദ് കോളജിലെ തിരഞ്ഞെടുപ്പിനിടെ തിലു സംഘത്തിലെ സന്ദീപ്, രവീന്ദർ എന്നിവരെ വെടിവച്ചു വീഴ്ത്തിയതോടെ ഗ്യാങുകളിൽ ശ്രദ്ധാകേന്ദ്രമായി. ഹരിയാനയിലെ പ്രശസ്ത നാടൻപാട്ട് കലാകാരിയായ ഹർഷിത ദാഹിയയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. 2017 നവംബറിൽ ദീപക് എന്ന അധ്യാപകനെയും 2018 ൽ പ്രശാന്ത് വിഹാറിലെ രവി ഭരദ്വാജിനെയും കൊലപ്പെടുത്തിയ കേസിലും മുഖ്യപ്രതിയായി. ഇരുപത്തിയഞ്ചോളം പേരുടെ ജീവനെടുത്തിട്ടും നിർത്താതെ ഗുണ്ടാസംഘങ്ങളുടെ ചോരക്കളി തുടരുകയാണ്.