‘മോദി തരംഗം പറഞ്ഞ് ജയിക്കാനാവില്ല; പണി എടുക്കണം’; ബിജെപിക്കാരോട് യെഡിയൂരപ്പ

ഇനി മോദി തരംഗത്തിന്റെ പേരിൽ ജയിക്കാനാവില്ലെന്നും നന്നായി പണിയെടുത്തെങ്കിൽ മാത്രമേ സംസ്ഥാനത്ത് വിജയിക്കാനാകൂവെന്നും തുറന്നു പറഞ്ഞ് കർണാടക മുൻമുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ. ബിജെപി കോർകമ്മിറ്റി യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ ഉപദേശം. അടുത്ത വർഷം നടക്കാനിരിക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുള്ള പദ്ധതികൾ ചർച്ച ചെയ്യുന്ന യോഗത്തിലാണ് ഇവിടെ മോദി തരംഗം ഗുണം ചെയ്യില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞത്.

‘ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ, മോദി തരംഗത്തിന്റെ പേരിൽ ഗുണം കിട്ടിയേക്കാം. പക്ഷേ പ്രാദേശിക തിരഞ്ഞെടുപ്പിൽ അതുകാെണ്ട് കാര്യമില്ല. നമ്മൾ നന്നായി പണിയെടുത്തേ പറ്റൂ. ബിജെപി സർക്കാരിന്റെ വികസനം അവരിലേക്ക് എത്തിക്കണം. പ്രതിപക്ഷത്തെ ദുർബലരായി കാണരുതെന്നും അവർക്ക് അവരുടേതായ ലക്ഷ്യങ്ങളും പദ്ധതികളുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ബിജെപി 140 സീറ്റുകൾ നേടി അധികാരത്തുടർച്ച നേടും. ഡി.കെ ശിവകുമാർ ബിജെപി എംഎൽഎമാരെ റാഞ്ചാൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ആരും പോകില്ല. ചില കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് വരുമെന്നും യെഡിയൂരപ്പ പറയുന്നു. സംസ്ഥാനം ഒട്ടാകെ പാർട്ടിയെ ശക്തിപ്പെടുത്താൽ യാത്ര നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.