62 ദിവസത്തെ ജയിൽവാസത്തിനു ശേഷം ജാമ്യം; വികാരാധീനനായി കുന്ദ്ര; വിഡിയോ

നീലച്ചിത്ര നിർമാണ കേസിൽ നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായ വാർത്ത ബോളിവുഡിനെ ഞെട്ടിച്ചിരുന്നു. നീലച്ചിത്ര റാക്കറ്റിന്റെ പ്രധാന കണ്ണിയാണ് രാജ് കുന്ദ്രയെന്നും സിനിമയിൽ അവസരം തേടിയെത്തിയ യുവതികളെ ചൂഷണം ചെയ്താണ് സംഘം കോടികൾ സമ്പാദിച്ചിതെന്നും ആരോപിച്ചായിരുന്നു പൊലീസ് കുറ്റപത്രം . 62 ദിവസമാണ് രാജ്കുന്ദ്ര അഴിക്കുള്ളിൽ കിടന്നത്. ജാമ്യം കിട്ടിയതിനെത്തുടർന്ന് ഇന്നാണ് പുറത്തിറങ്ങിയത്. 

വികാരനിർഭരനായി കാണപ്പെട്ട കുന്ദ്ര മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ തയാറായില്ല. 50,000 രൂപ ജാമ്യത്തുക കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ്  മുംബൈയിലെ കോടതി ജാമ്യം അനുവദിച്ചത്. 1400 പേജുള്ള കുറ്റപത്രം കഴിഞ്ഞ വ്യാഴാഴ്ചയാണ് മുംബൈ പൊലീസ് സമർപ്പിച്ചത്. അന്വേഷണം പൂർ‌ണമായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് രാജ് കുന്ദ്ര ശനിയാഴ്ച കോടതിയെ സമീപിച്ചിരുന്നു. കേസിൽ തന്നെ ബലിയാടാക്കുകയായിരുന്നെന്നാണു രാജ് കുന്ദ്രയുടെ വാദം. കേസിന് ആസ്പദമായ സംഭവത്തിൽ തന്റെ പങ്ക് തെളിയിക്കുന്നതിന് യാതൊരു തെളിവും കുറ്റപത്രത്തിലില്ലെന്നു കുന്ദ്ര കോടതിയിൽ വാദിച്ചു. ജൂലൈ 19നാണ് അറസ്റ്റ് ചെയ്തത്.