റെക്കോര്‍ഡ് മഴയില്‍ കുളിച്ച് ഡൽഹി; ഉത്തരാഖണ്ഡില്‍ ഭൂചലനം: മുന്നറിയിപ്പ്

ഡല്‍ഹിയില്‍ 46 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴക്കാലം. വടക്കേന്ത്യയിലും മഹാരാഷ്ട്രയിലുമടക്കം രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ശക്തമായ മഴയുണ്ട്. ഡല്‍ഹിയില്‍ ഒാറഞ്ച് അലര്‍ട്ടും മധ്യപ്രദേശില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ വെള്ളം കയറിയതോടെ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഉത്തരാഖണ്ഡില്‍ ഭൂചലനമുണ്ടായി.  

റെക്കോര്‍ഡ് മഴയില്‍ കുളിച്ച് നില്‍ക്കുന്നകയാണ് ഡല്‍ഹി. 1,100 മില്ലി മീറ്റര്‍ മഴയാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ഷത്തെ മഴക്കാലം പെയ്തുതീര്‍ന്നിട്ടുമില്ല. 1975ല്‍ 1,150 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്ന് രാവിലെ 5.30നും 8.30നും ഇടയില്‍ സഫ്ദര്‍ജങ് നിരീക്ഷണ കേന്ദ്രത്തില്‍ 81.3 മില്ലീ മീറ്ററും പാലം നിരീക്ഷണ കേന്ദ്രത്തില്‍ 98 മില്ലി മീറ്ററും മഴ രേഖപ്പെടുത്തി. ഇന്നലെയും രാവിലെ ശക്തമായ മഴയുണ്ടായിരുന്നു. മഴയ്ക്കൊപ്പം ഇടിയോടുകൂടിയ കാറ്റുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്.

വെള്ളക്കെട്ട് മൂലം മിക്കയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. പഴക്കമുള്ള കെട്ടിടങ്ങളുള്ള പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശമുണ്ട്. വിമാനത്താവളത്തിലും റണ്‍വേയിലും വെള്ളംകയറി. മഹാരാഷ്ട്ര, യുപി, ഹരിയാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ പലയിടങ്ങളിലും മഴയുണ്ട്. മധ്യപ്രദേശിലെ 19 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ പുലര്‍ച്ചെ 5.58നാണ് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ജോഷിമഠിന് തെക്ക് പടിഞ്ഞാറ് മാറി  31 കിലോ മീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം.