ബൈക്ക് പാർക്കിംഗിന് പിഴ; പൊലീസുകാരെ മർദ്ദിച്ച് യുവാവ്

നോ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്ത ഇരുചക്രവാഹനത്തിന് ഫൈൻ ഇട്ട പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച് യുവാവ്. സൂറത്ത് മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ താമസിക്കുന്ന രജനികാന്ത് സക്സേന എന്നയാളാണ് പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചത്. സൂറത്തിലെ റിംഗ് റോഡിലായിരുന്നു സംഭവം. 

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. സൂറത്തിലെ റിംഗ് റോഡിലുള്ള ശിവശക്തി സ്വീറ്റ് സെന്ററിന് സമീപമായിരുന്നു സക്സേന ടുവീലർ പാർക്ക് ചെയ്തത്. ഇതിനിടെ പൊലീസ് സ്ഥലത്തെത്തി. നോ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിലേക്ക് കയറ്റി. 

ബൈക്ക് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നത് കണ്ട് സക്സേന സ്ഥലത്തെത്തുകയായിരുന്നു. തുടർന്ന് പൊലീസ് ഇയാളോട് 650 രൂപ ഫൈൻ നൽകാൻ നിർദ്ദേശിച്ചു. എന്നാൽ ഇതിന് തയാറല്ലാതിരുന്ന സക്സേന പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. സംഭവത്തിൽ സക്സേനയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചതിനും ജോലി തടസപ്പെടുത്താൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.