നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കുമായി പൊലീസിനു മുന്നിൽ; വാഹനം ഉപേക്ഷിച്ച് യുവാവ് ഓടി

കട്ടപ്പന: രൂപമാറ്റം വരുത്തിയ ബൈക്കുകളിൽ യുവാക്കളുടെ അഭ്യാസ പ്രകടനങ്ങൾ വർധിക്കുന്നു. ഏതാനും മാസം മുൻപ് മത്സര യോട്ടത്തിനിടെ വെള്ളയാംകുടിയിൽ ട്രാൻസ്ഫോമറിന്റെ സുരക്ഷാ വേലിക്കുള്ളിൽ പതിച്ച ബൈക്ക് ഓടിച്ച യുവാവിനും ഒപ്പമുണ്ടായിരുന്ന വർക്കുമെതിരെ നടപടിയെടുത്തിട്ടും കഴിഞ്ഞ ദിവസം ഇതേ ബൈക്ക് രൂപമാറ്റം വരുത്തി വീണ്ടും റോഡിലിറക്കി. പൊലീസ് വാഹനം കയ്യോടെ പിടികൂടുകയും മോട്ടർ വാഹന വകുപ്പ് നടപടി കൈക്കൊള്ളുകയും ചെയ്തു.

ബൈക്ക് ഓടിച്ച യുവാവിന്റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കി. വാഹനത്തിന് രൂപമാറ്റം വരുത്തിയതിന് പിഴ ഈടാക്കുകയും ചെയ്തു. സ്‌കൂളുകളിലേക്കും കോളജുകളിലേക്കും വിദ്യാർഥികൾ പോകുമ്പോഴും വരുമ്പോഴുമെല്ലാം അഭ്യാസ പ്രകടനങ്ങൾ നടത്താനായി വിവിധ മേഖലകളിൽ നിന്ന് നഗരത്തിലേക്ക് റൈഡർമാർ എത്തുന്നു. പല പ്രധാന പാതകളിലും ഇവർ മത്സരയോട്ടം നടത്തുന്നതും വർധിക്കുകയാണ്. ഇടുക്കിക്കവല-വെള്ളയാംകുടി പാതയിലാണ് കൂടുതലായി മത്സരയോട്ടങ്ങൾ നടക്കുന്നതെന്ന് പറയുന്നു. 

നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കുമായി പൊലീസിനു മുന്നിൽ

വെള്ളിയാഴ്ച ഉച്ചയോടെയാണ് ന്യൂജനറേഷൻ വിഭാഗത്തിലുള്ള ബൈക്ക് തള്ളി സെൻട്രൽ ജംക്‌ഷനിലേക്ക് വന്ന യുവാവിനെ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഓഫിസർ ശ്രദ്ധിച്ചത്. വൺവേ തെറ്റിച്ചു വന്നതിലാണ് പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടതെങ്കിലും പിന്നീട് നോക്കിയപ്പോൾ ബൈക്കിന് നമ്പർ പ്ലേറ്റ് ഇല്ലെന്ന് കണ്ടെത്തി. അതോടെ യുവാവിനോട് ബൈക്ക് ഒതുക്കിവയ്ക്കാൻ നിർദേശിച്ചു.

വാഹനത്തിന്റെ താക്കോലും യുവാവിന്റെ പക്കൽ ഇല്ലെന്ന് ഉദ്യോഗസ്ഥൻ മനസിലാക്കിയപ്പോഴേക്കും യുവാവ് തിരക്കുള്ള കച്ചവട സ്ഥാപനത്തിന് അടുത്ത് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിടികൂടാനായില്ലെങ്കിലും വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബൈക്ക് മോഷ്ടിച്ചതാണോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.