കാതടപ്പിക്കുന്ന ശബ്ദം, ചീറിപ്പാഞ്ഞ് ആഡംബര ബൈക്കുകൾ; ‘ബ്രേക്ക്’ ഇട്ട് പൊലീസ്

കൊല്ലം നഗരത്തിൽ റേസിങ് നടത്തിയ ആഡംബര ബൈക്കുകൾ ട്രാഫിക് പൊലീസ് പിടികൂടി. കാതടപ്പിക്കുന്ന ശബ്ദത്തിൽ നഗരത്തിലൂടെ ചീറിപ്പാഞ്ഞ വാഹനങ്ങളാണു പിടികൂടിയത്. 25 ലക്ഷം രൂപ വരെ വില വരുന്ന അത്യാഡംബര ബൈക്കുകളാണ് കൊല്ലം ട്രാഫിക് എൻഫോഴ്സ്മെൻ്റ് സംഘം കസ്റ്റഡിയിലെടുത്തത്. കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങളാണ് ഇവ. ഈ ബൈക്കുകളിലെ നമ്പർ പ്ലേറ്റുകളും കാണാൻ കഴിയാത്ത നിലയിലാണ് ഘടിപ്പിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ നിന്നെത്തിയ 2 ബൈക്കുകളും പിടിച്ചെടുത്ത കൂട്ടത്തിലുണ്ട്. 

നിയമാനുസൃതമല്ലാത്ത രീതിയിലുള്ള സൈലൻസർ ഘടിപ്പിച്ചതിനും നമ്പർ പ്ലേറ്റ് വ്യക്തമാകാത്ത രീതിയിൽ സ്ഥാപിച്ചതിനും പൊലീസ് കെസെടുത്തു.കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലും രൂപ മാറ്റം വരുത്തിയ ബൈക്കുകളുടെ എണ്ണം ദിനം പ്രതി വർധിച്ച സാഹചര്യത്തിൽ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ടി നാരായണന്റെ നിർദ്ദേശ പ്രകാരമാണു പരിശോധ കർശനമാക്കിയത്. ഇത്തരം വാഹനങ്ങൾ ഉപയോഗിച്ചാണ് പലപ്പോഴും കുറ്റകൃത്യങ്ങൾ നടത്തുന്നതായി പൊലീസ് കണ്ടെത്തിയിട്ടുള്ളത്.പരിശോധന തുടരുമെന്നു ട്രാഫിക് എൻഫോഴ്സ്മെൻ്റ് എസ്ഐ പ്രദീപ് പറഞ്ഞു.