മൂന്നാം തരംഗം 6–8 ആഴ്ചയ്ക്കുള്ളിൽ; മുന്നറിയിപ്പുമായി എയിംസ് മേധാവി

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആറ് മുതൽ എട്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്ന് എയിംസ് മേധാവിയുടെ മുന്നറിയിപ്പ്. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് എയിംസ് മേധാവി ഡോക്ടർ രൺദീപ് ഗുലേറിയ ഈ മുന്നറിയിപ്പ് നൽകിയത്.  ആറാഴ്ചയ്ക്കുള്ളിൽ പരമാവധി ജനങ്ങളിലേക്ക് കോവിഡ് വാക്സീൻ കുത്തിവയ്ക്കുകയാണ് ചെറുക്കാനുള്ള മാർഗമെന്നും അദ്ദേഹം പറയുന്നു. കൂടുതൽ ജനങ്ങളിലേക്ക് വാക്സീൻ എത്തിക്കുന്നതിനായി ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കുന്നതിലും തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരന്തരം ജനിതക മാറ്റത്തിന് വിധേയമാകുന്ന വൈറസിനെ ചെറുക്കാനുള്ള തന്ത്രങ്ങളും രാജ്യം ആവിഷ്കരിക്കേണ്ടതുണ്ടെന്നന്നും ലോക്ഡൗൺ ഇളവുകൾ നൽകുന്നത് കൊണ്ട് ജാഗ്രത കുറയരുതെന്നും അദ്ദേഹം മുന്നറിപ്പ് നൽകുന്നു. ഒന്നാമത്തെയും രണ്ടാമത്തെയും തരംഗത്തിൽ നിന്ന് പാഠമുൾക്കൊണ്ടില്ലെങ്കിൽ മൂന്നാം തരംഗത്തെ അതിജീവിക്കുക ദുഷ്കരമാകും. ഇളവുകൾ ദുരുപയോഗം ചെയ്ത് ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും ജനങ്ങളുടെ ജാഗ്രതയ്ക്ക് മാത്രമേ മൂന്നാം തരംഗത്തെ ചെറുക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനം പേരിലേക്ക് മാത്രമാണ് ഇതുവരെ രണ്ട് ഡോസ് വാക്സീനും എത്തിയിട്ടുള്ളത്. 130 കോടി ജനങ്ങളിൽ 108 പേരിലേക്കും ഈ വർഷം അവസാനത്തോടെ പ്രതിരോധ വാക്സീൻ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ആദ്യ തരംഗത്തിൽ കോവിഡ് വളരെ മെല്ലെയാണ് പടർന്നിരുന്നതെങ്കിൽ ഡെൽറ്റാ വേരിയന്റിലേക്ക് എത്തിയപ്പോൾ പകർച്ച അതിവേഗവും ഗുരുതരസ്വഭാവത്തിലേക്കും മാറിയെന്നും കരുതല്‍ കുറയ്ക്കരുതെന്നും ഗുലേറിയ പറയുന്നു.