ലോകത്തിലെ ഒന്നാമത്തെ നേതാവ് മോദിയെന്ന് സര്‍വേ; ബൈഡൻ ഏറെ പിന്നിൽ

അമേരിക്കൻ പ്രസിഡന്റിനെയും ബ്രിട്ടീഷ് പ്രധാനമന്ത്രിയെയും പിന്നിലാക്കി ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രഖ്യാപിച്ച് സർവേ റിപ്പോർട്ട്. 13 ലോകരാജ്യങ്ങളുടെ തലവൻമാരുടെ ജനപ്രീതിയിൽ 66 ശതമാനം പിന്തുണ നേടിയാണ് മോദി ഒന്നാമത് എത്തിയത്. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും മോദിക്ക് ഏറെ പിന്നിലാണ് എന്നതും ശ്രദ്ധേയം. അമേരിക്കയിലെ ഡാറ്റ ഇന്റലിജൻസ് സ്ഥാപനമായ മോണി​ങ് കൺസൽട്ട് ആണ് സർവേ നടത്തിയത്.

ഇറ്റാലിയുടെ പ്രധാനമന്ത്രി മാരിയോ ഗ്രാഘിയാണ് മോദിക്ക് തൊട്ടുപിന്നിലുള്ളത്. അതേസമയം കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ മോദിയുടെ ജനപ്രീതി അൽപ്പം കുറച്ചതായും സർവേ വ്യക്തമാക്കുന്നുണ്ട്. എങ്കിലും ലോകരാജ്യങ്ങളുടെ തലവൻമാരിൽ ജനപ്രീതിയിൽ മുന്നിൽ മോദി തന്നെയാണ്. 66 ശതമാനം പിന്തുണ മോദിക്കുള്ളപ്പോൾ ബൈഡന് 53 ശതമാനവും ബോറിസ് ജോൺസണ് 44 ശതമാനവും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന് 35 ശതമാനവുമാണ് പിന്തുണ. 2019ൽ 82 ശതമാനം ആയിരുന്നു മോദിയുടെ റേറ്റിങ്.