മേഘാലയയിൽ വീണ്ടും ഖനി അപകടം; കുടുങ്ങി 5 കുട്ടികൾ; തിരച്ചിലിനിറങ്ങി നേവി

ചിത്രം കടപ്പാട്; പിടിഐ

മേഘാലയയിലെ അനധികൃത കൽക്കരി ഖനിയിൽ കുടുങ്ങിപ്പോയ കുട്ടികളെ രക്ഷിക്കാൻ നേവി തിരച്ചിലിനിറങ്ങി. പതിനാല് ദിവസമായി കുട്ടികൾ കുടുങ്ങിക്കിടക്കുകയാണ്. കനത്ത മഴ ഉംപ്ലെങ് പ്രദേശത്ത് തുടരുന്നത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുമുണ്ട്. ‌

ഖനിയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കളയുന്നുണ്ടെങ്കിലും ഇത് ഫലം ചെയ്യുന്നില്ലെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. രണ്ട് വർഷം മുമ്പ് അപകടമുണ്ടായ കിഴക്കൻ ജയന്തിയ മലനിലകളിലാണ് ഈ ഖനിയും.‌

കഴിഞ്ഞ മാസം 30 ന് ഖനിയിൽ നടത്തിയ സ്ഫോടനത്തെ തുടർന്ന് കൽക്കരി ശേഖരിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. കുട്ടികൾ ഇറങ്ങിയതിന് പിന്നാലെ തന്നെ അപ്രതീക്ഷിതമായി ഖനിയിൽ വെള്ളം നിറഞ്ഞു. ആറുപേർ പുറത്തായതിനാൽ രക്ഷപെട്ടു. ബാക്കി അഞ്ചുപേരാണ് കുടുങ്ങിപ്പോയത്. 152 മീറ്ററോളം ആഴമുള്ള ഖനിയാണിത്.