‘ചില വൃത്തികേടുകളെക്കാൾ നല്ലത് കുടുംബവാഴ്ച’; ബിജെപിയെ ട്രോളി അഭിഷേക്

ബംഗാളിൽ തൃണമൂലിനോട് പോരടിച്ച് തോറ്റതിന് പിന്നാലെ കടുത്ത പ്രതിസന്ധികളാണ് ബിജെപി മമത സർക്കാരിന് നൽകുന്നത്. ഇതിന് പിന്നാലെ നേതാക്കൾ തമ്മിലുള്ള വാക്കുകൾ കൊണ്ടുള്ള പോരാട്ടവും തുടരുകയാണ്. മമത ബാനര്‍ജിയുടെ മരുമകനായ അഭിഷേക് ബാനര്‍ജി പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി നിയമിച്ചപ്പോൾ കുടുംബവാഴ്ച എന്നാണ് ബിജെപി പരിഹസിച്ചത്. ഇതിന് മറുപടിയുമായി അഭിഷേക് രംഗത്തെത്തി. 

ചില വൃത്തികേടുകളെക്കാൾ നല്ലത് കുടുംബവാഴ്ചയാണെന്ന് അദ്ദേഹം ബിജെപിയെ പരിഹസിച്ച് തിരിച്ചടിച്ചു. ‘നിങ്ങൾ കുടുംബവാഴ്ച എന്ന് ആരോപിച്ച് ഇവിടെ ക്യാംപെയിൻ നടത്തി. ജനങ്ങൾ നിങ്ങൾ മറുപടി തരികയും ചെയ്തു. എനിക്ക് നിങ്ങളോട് പറയാനുള്ളത്. ചില നേരങ്ങളിൽ വൃത്തികേടുകളെക്കാൾ നല്ലത് കുടുംബവാഴ്ചയാണ്.’ അഭിഷേക് പറഞ്ഞു. 

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി നടന്ന മുതിർന്ന നേതാക്കളുടെ യോഗത്തിലാണ്  മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിയെ പാർട്ടി ജനറൽ സെക്രട്ടറിയായി നിയമിച്ചത്. തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് അഭിഷേക് നിർണായക പങ്ക് വഹിച്ചതാണ് പുതിയ ചുമതല ഏൽപ്പിക്കാൻ കാരണം. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ എത്തിക്കുന്നതിനും അഭിഷേക് മുൻകൈ എടുത്തിരുന്നു. അഭിഷേക് പാർട്ടിയിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നു എന്നറിയിച്ചാണ് മമതയുടെ വലംകൈ ആയിരുന്ന സുവേന്ദു അധികാരി പാർട്ടി വിട്ടത്. പുതിയ ചുമതല അഭിഷേകിന്റെ സ്വാധീനം കൂടുതൽ ഉറപ്പിക്കുന്നതായി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ബംഗാളിൽ എത്തിയപ്പോൾ ‘കൊള്ളക്കാരനായ അനന്തരവൻ’ എന്നാണ് അഭിഷേകിനെ വിശേഷിപ്പിച്ചത്. ഇതിനെതിരെ മമത രംഗത്തെത്തിയിരുന്നു.