പറന്ന എയർ ഇന്ത്യയുടെ ബിസിനസ് ക്ലാസിൽ വവ്വാൽ; 30 മിനിറ്റിനുള്ളിൽ നിലത്തിറക്കി

പറന്നുയർന്ന എയർ ഇന്ത്യാ വിമാനത്തിലെ ബിസിനസ് ക്ലാസിൽ വവ്വാലിനെ കണ്ടെത്തിയതിനെ തുടർന്ന് വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് യുഎസിലെ നൊവാർക്കിലേക്ക് പറന്ന വിമാനമാണ് അരമണിക്കൂറിന് ശേഷം തിരികെ ഡൽഹിയിൽ തന്നെ ഇറക്കിയത്. വിമാനം പറന്ന ശേഷമാണ് വവ്വാലിനെ കണ്ടെത്തിയത്. ഇതോടെ പൈലറ്റ് വിമാനം തിരിച്ച് ഡൽഹിയിൽ തന്നെ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. 

ബിസിനസ് ക്ലാസിൽ സീറ്റ് സമീപം ചത്ത നിലയിലാണ് വവ്വാലിനെ കണ്ടെത്തിയത്. പിന്നീട് വിമാനം താഴെയിറക്കി അണുവിമുക്തമാക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ നൊവാർക്കിൽ എത്തിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. കാറ്ററിങ്ങിനുള്ള ലോഡിങ് വാഹനങ്ങളിൽ നിന്നാണ് എലികളും വവ്വാലുകളും വരാറുള്ളതെന്നാണ് അധികൃതർ നൽകുന്ന സൂചന.