പുതുച്ചേരിയില്‍ ഒറ്റയ്ക്കു ഭരിക്കാന്‍ ബിജെപി; സ്വതന്ത്രരുടെ പിന്തുണ ഉറപ്പിച്ച് തന്ത്രം

പുതുച്ചേരിയില്‍ ഒറ്റയ്ക്കു ഭരിക്കാനുള്ള തന്ത്രവുമായി ബി.ജെ.പി.. സ്വതന്ത്ര എം.എല്‍.എയുടെ പിന്തുണ ഉറപ്പാക്കിയതിനു പിന്നാലെ മൂന്നു ബി.ജെ.പി നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ സഭയിലേക്കു നോമിനേറ്റ് ചെയ്തു. ഇതോടെ ഭരണമുന്നണിയില്‍ സഖ്യകക്ഷിയായ എന്‍.ആര്‍.കോണ്‍ഗ്രസിനും ബി.ജെ.പിക്കും തുല്യ അംഗങ്ങളായി. രണ്ടുസ്വതന്ത്രരുടെ പിന്തുണ കൂടി ഉറപ്പിച്ചതായുള്ള സൂചനകള്‍  പുറത്തായതോടെ ബി.ജെ.പി, ഭരിക്കാന്‍ സ്വന്തം വഴി നോക്കുന്നുവെന്ന അഭ്യൂഹം ശക്തമാണ്.

ഭരണകക്ഷിയായ എന്‍.ഡി.എ. സഖ്യത്തില്‍ എന്‍.ആര്‍.കോണ്‍ഗ്രസിനു പത്തും ബി.ജെ.പിക്കു ആറും അംഗങ്ങളാണുള്ളത്.മൂന്നു ബി.ജെ.പി. നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സഭയിലേക്കു നാമനിര്‍ദേശം ചെയ്തു.തിരഞ്ഞെടുപ്പിനു മുൻപ് ബിജെപിയിലെത്തിയ മുൻ ഡി.എം.കെ. എംഎൽഎ കെ.വെങ്കടേശൻ,കോൺഗ്രസ് നേതാവും മുൻ സ്പീക്കർ ശിവകൊളുന്തിന്റെ സഹോദരനുമായ വി.പി.രാമലിംഗം,പുതുച്ചേരി ടൗൺ ബിജെപി പ്രസിഡന്റ് ആർ.ബി.അശോക് ബാബുഎന്നിവരാണു കേന്ദ്ര പ്രതിനിധികള്‍.യാനത്തു നിന്നുള്ള സ്വതന്ത്ര അംഗം ഗൊല്ലപ്പള്ളി ശ്രീനിവാസ് ബി.ജെ.പി.ക്കു പിന്തുണ പ്രഖ്യാപിച്ചു.ഇതോടെ ബി.ജെ.പിക്കും എന്‍.ആര്‍. കോണ്‍ഗ്രസിനും 33 അംഗ സഭയില്‍ പത്തുവീതം അംഗങ്ങളായി.രണ്ടുസ്വതന്ത്രര്‍ കൂടി ബി.ജെ.പിക്കു പിന്തുണ നല്‍കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.ഇതോടെ ഉപമുഖ്യമന്ത്രി പദവും കൂടുതല്‍ മന്ത്രിസ്ഥാനങ്ങളും വിട്ടുനല്‍കാന്‍ രംഗസാമി 

നിര്‍ബന്ധിതനാവും.കൂടുതല്‍ സ്വതന്ത്രരെ കൂടെകൂട്ടി രംഗസാമിയെ മാറ്റി സ്വന്തം മുഖ്യമന്ത്രിയെ അവരോധിക്കാനും ബി.ജെ.പി നീക്കം നടത്തുന്നതായി അഭ്യൂഹം ശക്തമാണ്.മുഖ്യമന്ത്രി പദവിയെച്ചൊല്ലി തിരഞ്ഞെടുപ്പിനു മുൻപേ ബിജെപിയും എൻആർ കോൺഗ്രസും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. 

ഫലപ്രഖ്യാപനത്തിനു ശേഷം രംഗസാമിക്കു മറ്റു പദവികൾ വാഗ്ദാനം ചെയ്തു മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ ബി.ജെ.പി.ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.ഈസാഹചര്യത്തിലാണ് ഏതുവിധേനെയും സ്വന്തം സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി നീക്കം തുടങ്ങിയത്.