പ്രതിദിന കേസുകളില്‍ നേരിയ കുറവ്; കര്‍ണാടകയില്‍ ഓക്സിജന്‍ കിട്ടാതെ കൂട്ടമരണം

രാജ്യത്ത് ഒരു ഇടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.68 ലക്ഷം  പേർക്ക് രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയിലെ മൈസുരുവിനടുത്ത് ചാമരാജനഗര്‍ ജില്ലാ കോവിഡ് ആശുപത്രിയില്‍ ഓക്സിജൻ കിട്ടാതെ വെന്റിലേറ്ററിലുണ്ടായിരുന്ന 22 രോഗികള്‍ മരിച്ചു.

രാജ്യത്ത് ആകെ കോവിഡ് കേസുകൾ രണ്ടു കോടിയിലേക്ക് അടുക്കുമ്പോൾ മുൻ ദിവസങ്ങളെ അപേക്ഷിച്ച് പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയത് ആശ്വാസമായി. 24 മണിക്കൂറിനിടെ 3,68,147 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,00,732 പേർക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗമുക്തി 1 കോടി 62 ലക്ഷമായി. ഇന്നലെ മാത്രം 3,417 പേർ മരിച്ചു. ആകെ മരണം 2,18,959 ആയി ഉയർന്നു. ചികിൽസയിലുള്ളവരുടെ എണ്ണം 34,13,642 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 24.46 ശതമാനമായി ഉയർന്നു. അതേസമയം, കർണാടകയിൽ ഓക്സിജൻ കിട്ടാതെ രോഗികളുടെ കൂട്ടമരണം വൻദുരന്തമായി. അര്‍ദ്ധരാത്രിയോടെയാണ് ചാമരാജനഗർ ജില്ലാ ആശുപത്രിയിൽ കൂട്ടമരണമുണ്ടായത്. രാത്രി ഒന്‍പതു മണിയോടെ മൈസുരുവില്‍ നിന്ന് ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ഇവ എത്തിയില്ല. മൈസുരു–കുടക് എം.പി.പ്രതാപ് സിന്‍ഹ ഇടപെട്ടതിനെ തുടര്‍ന്ന് രാവിലെയാണ് ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചത്. അപ്പോഴേക്കും ഭയപ്പെട്ട ദുരന്തം സംഭവിച്ചിരുന്നു. രണ്ടുദിവസം മുമ്പ് കല്‍ബുറുഗി കെ.ബി.എന്‍. ആശുപത്രിയിലും ഓക്സിജന്‍ തീര്‍ന്നതിനെ തുടര്‍ന്ന് നാലു കോവിഡ് രോഗികള്‍ മരിച്ചിരുന്നു. അതേസമയം, ഒഡീഷയ്ക്ക് പിന്നാലെ മധ്യപ്രദേശും മാധ്യമപ്രവർത്തകരെ കോവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിച്ചു. 120  ലധികം മാധ്യമപ്രവർത്തകരാണ് രണ്ടാം തരംഗത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്.