മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കണം; വിവാദ പ്രസ്താവനയുമായി കങ്കണ

വിവാദപരമായ പ്രസ്താവനകളിലൂടെ ശ്രദ്ധിക്കപ്പെട്ട ബോളിവുഡ് നടിയാണ് കങ്കണ റണൗട്ട്. ഇന്ത്യയിലെ സമകാലീകമായ നിരവധി വിഷയങ്ങളില്‍ നടി അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. മിക്കതും പ്രതിഷേധങ്ങള്‍ക്കു വഴി വച്ചു. ഇപ്പോള്‍ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. 

രാജ്യത്തെ കോവിഡ് വ്യാപനം തീവ്രമായത് ജനസംഖ്യ കൂടിയതിനാലാണെന്നാണ് നടിയുടെ അഭിപ്രായം.  രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ടെന്നും മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കുകയാണ് വേണ്ടതെന്നും കങ്കണ പറഞ്ഞു.

‘രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ട്. വോട്ട് രാഷ്ട്രീയത്തെക്കാൾ പ്രാധാന്യം ഇതിനാണ് കൊടുക്കേണ്ടത്. ഇത്തരം ഒരു പ്രശ്‌നത്തെ ആദ്യം നിയന്ത്രിക്കാന്‍ ശ്രമിച്ചത് ഇന്ദിരാ ഗാന്ധിയാണ്. ജനസംഖ്യ നിയന്ത്രണത്തെ കുറിച്ച് സംസാരിച്ചതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ തോല്‍ക്കുകയായിരുന്നു. പിന്നീട് അവരെ കൊല്ലുകയും ചെയ്തു. ഇന്നത്തെ ഈ അവസ്ഥ നോക്കുമ്പോൾ മൂന്നു കുട്ടികൾ ഉളളവരെ ജയിലിൽ അടയ്ക്കുകയോ അല്ലെങ്കിൽ പിഴ നൽകുകയോ ചെയ്യേണ്ട നിയമം കൊണ്ടുവരേണ്ടി വരും.’–കങ്കണ പറഞ്ഞു.

'അമേരിക്കയിൽ 32 കോടി ജനങ്ങളുണ്ട്​. എന്നാൽ ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ഭൂമിയും വിഭവങ്ങളും അവർക്ക്​ മൂന്നിരട്ടിയാണ്. ചൈനക്ക്​ ഇന്ത്യയേക്കാൾ ജനസംഖ്യയുണ്ടാകാം. എന്നാൽ അവിടെയും ഭൂമിയും വിഭവങ്ങളും ഏകദേശം മൂന്നിരട്ടിയാണ്. ജനസംഖ്യ പ്രശ്നം വളരെ രൂക്ഷമാണ്. ഇന്ദിര ഗാന്ധി ദശലക്ഷക്കണക്കിന് ആളുകളെ വന്ധ്യംകരിച്ചെങ്കിലും അവർ കൊല്ലപ്പെട്ടു. രാജ്യത്തെ എങ്ങനെ  കൈകാര്യം ചെയ്യാനാവുമെന്ന് എനിക്ക്​ പറഞ്ഞു തരൂ?' -മറ്റൊരു ട്വീറ്റിൽ കങ്കണ കുറിക്കുന്നു.