മൻ‌മോഹനെയും പരിഹസിക്കുന്നു; പ്രതിപക്ഷം ശബ്ദിച്ചില്ലെങ്കിൽ പിന്നെയാര്?: പ്രിയങ്ക ഗാന്ധി

കോവിഡ് മഹാമാരി പോലുള്ള അഭൂതപൂർവമായ ആരോഗ്യ പ്രതിസന്ധി രാജ്യം അഭിമുഖീകരിക്കുമ്പോഴും പ്രതിപക്ഷ പാർട്ടികളെ വിശ്വാസത്തിൽ എടുക്കാത്തതിനു കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യം മുഴുവൻ ഒരുമിച്ചു നിൽക്കേണ്ട സമയമാണെന്നു പറഞ്ഞ പ്രിയങ്ക, മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിങ്ങിന്റെ ആത്മാർഥമായ ശുപാർശകളെപ്പോലും നരേന്ദ്രമോദി സർക്കാർ പരിഹസിച്ചതായും ആരോപിച്ചു.

‘പബ്ലിക് റിലേഷൻസ് അഭ്യാസം’ നിർത്തിവച്ച് ജനങ്ങളോടും പ്രതിപക്ഷ പാർട്ടികളോടും പ്രതിസന്ധിയെക്കുറിച്ചു സംസാരിക്കണമെന്ന് എഎൻഐയ്ക്കു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉന്നമിട്ട് പ്രിയങ്ക പറഞ്ഞു. പാക്കിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസുമായി (ഐഎസ്ഐ) പോലും സംസാരിക്കാൻ കേന്ദ്രം തയാറാണ്. എന്നാൽ പ്രതിപക്ഷ നേതാക്കളോടു സംസാരിക്കാൻ ഒരുക്കമല്ല. ക്രിയാത്മകവും പോസിറ്റീവുമായ നിർദേശങ്ങൾ നൽകാത്ത ഒരു പ്രതിപക്ഷ നേതാവും ഇന്നുണ്ടെന്നു കരുതുന്നില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടെന്നു കേന്ദ്രത്തോടു പറയുന്നു– പ്രിയങ്ക വ്യക്തമാക്കി.

‘മൻ‌മോഹൻ സിങ് 10 വർഷം പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹം എത്രമാത്രം മാന്യനാണെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹം നിർദേശങ്ങൾ നൽകുന്നുണ്ടെങ്കിൽ അവ അതേ മാന്യതയോടെ ഗൗരവത്തിലെടുക്കണം. പ്രതിപക്ഷ നേതാക്കൾ ശബ്ദമുയർത്തിയില്ലെങ്കിൽ പിന്നെ ആരാണ് അതു ചെയ്യുക? ഇന്നും അവർ (ബംഗാളിൽ) പ്രചാരണത്തിന്റെ  തിരക്കിലാണ്. അവർ സ്റ്റേജുകളിൽനിന്നു ചിരിക്കുന്നു. സഹായത്തിനായി നിലവിളിച്ച് ആളുകൾ കരയുകയാണ്. ഓക്സിജൻ, കിടക്കകൾ, മരുന്നുകൾ എന്നിവ ചോദിക്കുന്നു. നിങ്ങൾക്ക് ഇതെങ്ങനെ സാധിക്കുന്നു’– പ്രിയങ്ക ചോദിച്ചു.

പ്രതിരോധ കുത്തിവയ്പ്പുകളുടെ എണ്ണത്തിലല്ല, വാക്സിനേഷൻ നടത്തിയ ജനസംഖ്യയുടെ ശതമാനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതു തുടങ്ങിയ നിർദേശങ്ങൾ ഉൾക്കൊള്ളിച്ചു മൻമോഹൻ കഴിഞ്ഞദിവസം പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിരുന്നു. എന്നാൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ ഇതു തള്ളി. പുതിയ വാക്സീൻ നയത്തെ ‘വാക്സീൻ വിവേചനം’ എന്നു വിശേഷിപ്പിച്ചു മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്തെത്തി. കേന്ദ്രത്തിന്റെ കഴിവില്ലായ്മയും അലംഭാവവും കാരണമാണ് ഇന്ത്യ ഇപ്പോൾ ഓക്സിജനുവേണ്ടി പ്രയാസപ്പെടുന്നതെന്നും രാഹുൽ പറഞ്ഞു.