വീണ്ടും അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായനം; അക്കൗണ്ടിൽ കേന്ദ്രം പണം നൽകണം: രാഹുൽ

രാജ്യത്തെ പാവപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും തെരുവിലാണെന്നും അവരെ സഹായിക്കാൻ കേന്ദ്രം അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് പണം നിക്ഷേപിക്കുകയാണ് ചെയ്യേണ്ടതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം വീണ്ടും ആരംഭിച്ചിരിക്കുന്നു. അവരെ സഹായിക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

കോവിഡ് വ്യാപനത്തിനു  പൊതുജനങ്ങളെ കുറ്റപ്പെടുത്തുന്ന സര്‍ക്കാരിന്‌ അവർ തെരുവിലാകുമ്പോൾ സഹായിക്കേണ്ട ബാധ്യതയില്ലേയെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യതലസ്ഥാനത്തുനിന്ന് ഉൾപ്പെടെ അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായനം ആരംഭിച്ച സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.

യുപി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും തൊഴിലാളികള്‍ പലായനം ആരംഭിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഡൽഹിയിൽ ഒരാഴ്ചത്തെ കോവിഡ് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ആനന്ദ് വിഹാര്‍ ഉള്‍പ്പെടെയുള്ള വിവിധ ബസ് ടെര്‍മിനലുകളില്‍ വന്‍തിരക്കാണ് ഇന്നലെ രാത്രി വൈകിയും ഉണ്ടായത്.