‘ഗതാഗത മന്ത്രി 50 കോടി പിരിക്കാൻ ആവശ്യപ്പെട്ടു’: സർക്കാരിനെ വെട്ടിലാക്കി സച്ചിൻ വാസെ

മഹാരാഷ്ട്ര ഗതാഗത മന്ത്രി അനിൽ പരബ്, സച്ചിൻ വാസെ

മുംബൈ ∙ അംബാനിക്കേസിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ, മന്ത്രിമാരുൾപ്പെട്ട ‘പണപ്പിരിവ്’ വിവാദത്തെക്കുറിച്ചു കൂടുതൽ ആരോപണം ഉന്നയിച്ചതോടെ മഹാരാഷ്ട്ര സർക്കാർ പ്രതിരോധത്തിൽ. രാജിവച്ച ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് 2 കോടിയും ഗതാഗത മന്ത്രി അനിൽ പരബ് 50 കോടിയും പിരിച്ചു നൽകാൻ ആവശ്യപ്പെട്ടെന്നാണ് എൻഐഎ കോടതിയിൽ സമർപ്പിച്ച കത്തിൽ വാസെയുടെ ആരോപണം. കത്ത് ശരിയായ വഴിയിലൂടെ കൈമാറാൻ നിർദേശിച്ച്, കോടതി തിരിച്ചു നൽകി. 

ബാറുകളിൽ നിന്നു വാസെയോടു 100 കോടി രൂപ പിരിച്ചു നൽകാൻ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന മുൻ മുംബൈ കമ്മിഷണർ പരംബീർ സിങ്ങിന്റെ പരാതിയിൽ സിബിഐ അന്വേഷണം ഉത്തരവിട്ടിരിക്കുകയാണു  ഹൈക്കോടതി.  തുടർന്നാണു ദേശ്മുഖ് രാജിവച്ചത്. കസ്റ്റഡിമരണക്കേസിൽ 2004 മുതൽ സസ്പെഷൻനിലായിരുന്ന വാസെയെ കഴിഞ്ഞവർഷമാണു തിരിച്ചെടുത്തത്. സർവീസിൽ തുടരണമെങ്കിൽ 2 കോടി രൂപ നൽകണമെന്നാണത്രേ ദേശ്മുഖ് പറഞ്ഞത്. ശിവസേന–എൻസിപി–കോൺഗ്രസ് സർക്കാരാണു മഹാരാഷ്ട്ര ഭരിക്കുന്നത്. 

അതിനിടെ, പണപ്പിരിവ് വിവാദത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടി ചോദ്യം ചെയ്ത് മഹാരാഷ്ട്ര സർക്കാരും രാജിവച്ച ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് നൽകിയ ഹർജികൾ ഇന്നു സുപ്രീം കോടതി പരിഗണിക്കും. 

English Summary: In letter to court, Sachin Waze names Shiv Sena minister over Rs 50-crore demand