ട്രെയിൻ യാത്രയിൽ വാസെ ഹിരണിനെയും കൂട്ടി; കൊലയാളികൾക്കു കൈമാറി: എൻഐഎ നിഗമനം

സച്ചിൻ വാസെ, മൻസൂഖ് ഹിരൺ

മുംബൈ ∙ മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്‌ഫോടക വസ്തു കണ്ടെത്തിയ കാറിന്റെ ഉടമസ്ഥനെന്ന് കരുതുന്ന മൻസൂഖ് ഹിരൺ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവങ്ങൾ പുനരാവിഷ്കരിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേസിൽ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ, ട്രെയിൻ യാത്രയിൽ ഹിരണിനെ ഒപ്പം കൂട്ടിയതിനു ശേഷം കൊലയാളികൾക്കു കൈമാറിയെന്നാണു നിഗമനം.

വാസെ ട്രെയിനിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ പിറ്റേന്നാണു ഹിരണിന്റെ മൃതദേഹം കടലിടുക്കിൽ കണ്ടെത്തിയത്. വാസെയെ ഇതേ ട്രെയിനിൽ കയറ്റിയാണു സംഭവങ്ങൾ പുനരാവിഷ്കരിച്ചത്. കേസിൽ  മീന ജോർജ് എന്ന യുവതിയെ ചോദ്യം ചെയ്യുന്നതു തുടരുന്ന എൻഐഎ, ഇവരുടെ പേരിലുള്ള ആഡംബര ബൈക്ക് പിടിച്ചെടുത്തു. ഇവർ മലയാളിയാണെന്ന് അഭ്യൂഹമുണ്ടെങ്കിലും സ്ഥിരീകരണമില്ല.

കേസിൽ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയുമായി മീനയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും ഇരുവരും ചേർന്നു കള്ളപ്പണ ഇടപാടുകൾ നടത്തിയിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. വാസെയുടെ കാറിലുണ്ടായിരുന്ന നോട്ടെണ്ണൽ യന്ത്രം യുവതിയുടേതാണെന്നാണു വിവരം. അംബാനിയുടെ വസതിക്കു മുന്നിൽ സ്ഫോടക വസ്തുക്കളടങ്ങിയ കാർ ഉപേക്ഷിക്കുന്നതിനു മുൻപു വാസെ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ മീന എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. 

English Summary: NIA Takes Sachin Vaze To Mumbai's CST Station To Recreate Crime Scene, Visuals Out