ശരികേടുകളോട് കലഹിക്കാം; അവസരങ്ങൾ സൃഷ്ടിക്കാം; ഇന്ന് ദേശീയ പെൺകുട്ടി ദിവസം

ഇന്ന് പെണ്‍കുഞ്ഞുങ്ങളുടെ ദിവസമാണ്. വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക. അവരുടെ അവകാശങ്ങളെപ്പറ്റി സമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ദിനാഘോഷങ്ങള്‍ മുറതെറ്റാതെ നടക്കുമ്പോഴും ലക്ഷക്കണക്കിന് കുഞ്ഞുങ്ങളാണ് വിടരുംമുമ്പെ കൊഴിയുന്നത് . 

സോഷ്യല്‍ സയന്‍സ് പുസ്തകത്തില്‍ കണ്ട മാന്‍മെയ്ഡ് എന്ന വാക്കിന്റെ ശരികേടിനോടാണ്  ഈ കുരുന്നിന്‍റെ ചോദ്യം മുഴുവന്‍. കണ്ടും കേട്ടും അറിഞ്ഞ ശൈലികളെയൊന്നും ചോദ്യം ചെയ്യാന്‍ മടിക്കുന്നില്ല ഈ കൊച്ചുമിടുക്കി. ഇതേ പോലുള്ള പെണ്‍കുട്ടികള്‍ നല്‍കുന്ന പ്രതീക്ഷകളിലാണ് ഇത്തവണത്തെ പെണ്‍കുഞ്ഞുങ്ങളുെട ദിവസം കടന്നുപോകുന്നത്.എന്നാല്‍ ഇതേ സമയതന്നെ ഇന്ത്യയില്‍ രണ്ട് ലക്ഷത്തോളം പെണ്‍കുട്ടികളാണ് ഓരോ വര്‍ഷവും ഭ്രൂണഹത്യക്ക് ഇരയാകുന്നത് .ഒരു ദശാബ്ദത്തിലെ കണക്കെടുത്താല്‍  ഇരുപത് ലക്ഷത്തിന് മുകളിലാണ്. .കണക്കില്‍ പെടാതെ പോയ വാടിയ പൂവുകളാവട്ടെ വിചാരിക്കുന്നതിലും അധികം. സാംസ്ക്കാരിക കെട്ടുപാടുകളും ദാരിദ്ര്യവുമൊക്കെ ജീവിത സാഹചര്യങ്ങള്‍ക്കുള്ള  അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു എന്നതിനപ്പുറം ജീവിക്കാനുള്ള അവസരം തന്നെ നഷ്ടമാക്കുകയാണ്. ഭേദപ്പെട്ട സാഹചര്യമാണ് കേരളത്തിലുള്ളതെങ്കിലും അവസരങ്ങള്‍ കൊതിക്കുന്ന പെണ്‍കരുത്തിന് ചിറകേകാന്‍ ഇനിയും ഒട്ടേറെ ദൂരം താണ്ടണം.

ഇന്ത്യയുടെ പെണ്‍മഹിമ വിളിച്ചോതുന്ന ഒരായിരം ചിത്രങ്ങളും ശബ്ദങ്ങളുമുണ്ട്. .എന്നാല്‍ ഇതിനപ്പുറത്തേക്ക് ഓരോ പെണ്‍കുട്ടിക്കും മുന്‍പില്‍ സാധ്യതയുെട വാതില്‍ തുറക്കപ്പെടുമ്പോഴാണ് മുന്‍പ് കേട്ട കുഞ്ഞു മനസിലെ വലിയ ചോദ്യങ്ങള്‍ക്കുള്ള മറുപടി കിട്ടുക.